ഗോവ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിന്റെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. രുദ്രേഷ് കുട്ടിക്കറിനെ ആരോഗ്യമന്ത്രി വിശ്വജിത് റാണെ രൂക്ഷമായി ശകാരിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് ക്ഷമാപണം നടത്തി ആരോഗ്യ മന്ത്രി രംഗത്ത്. “ഞാൻ പ്രതികരിച്ച രീതി കണക്കിലെടുക്കുമ്പോൾ അത് ഉചിതമല്ലെന്ന് ഞാൻ സമ്മതിക്കുന്നു. എനിക്ക് അദ്ദേഹത്തെ വിളിച്ച് പ്രത്യേകം സംസാരിക്കാമായിരുന്നു. ഡോക്ടറുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഒരിക്കൽ കൂടി ഞാൻ ഡോക്ടറോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നു”. എന്നാണ് അദ്ദേഹം ദേശിയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
കൂടാതെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനോടും ചീഫ് മെഡിക്കൽ ഓഫീസറോടും താൻ ക്ഷമ ചോദിക്കുന്നതായും ഇദ്ദേഹം വ്യക്തമാക്കി . രോഗിയുടെ വേദന തനിക്ക് മനസ്സിലാകും, താൻ അവർക്കുവേണ്ടി നിലകൊള്ളുക മാത്രമാണ് ചെയ്തത്. തന്റെ അമ്മയും ഒരു കാൻസർ രോഗിയാണ്, അതിനാൽ അവർ എന്താണ് അനുഭവിക്കുന്നതെന്ന് എനിക്കറിയാം. ഇതിനെ രാഷ്ട്രീയവൽക്കരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” മന്ത്രി കൂട്ടിച്ചേർത്തു.






