സംസ്ഥാനത്തെ സ്വർണവില കത്തിക്കയറുന്നു. ഇന്ന് പവന് 560 രൂപയും, ഗ്രാമിന് 70 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 72,120 രൂപയും, ഗ്രാമിന് 9,015 രൂപയുമാണ് ഇന്നത്തെ വില. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ പുതിയ സർവ്വകാല ഉയരമാണ്. ഇതാദ്യമായാണ് ഗ്രാം വില 9,000 രൂപ മറികടക്കുന്നത്. രാജ്യാന്തര സ്വർണ്ണ വിലയിലെ കുതിപ്പാണ് കേരളത്തിലും വില വർധനയ്ക്ക് കാരണമായത്. നിലവിൽ ആഗോള വില ട്രോയ് ഔൺസിന് 3,370.40 ഡോളർ നിലവാരത്തിലാണ്.
കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് കുറവുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,09,900 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 109.90 രൂപ, 8 ഗ്രാമിന് 879.20 രൂപ, 10 ഗ്രാമിന് 1,099 രൂപ, 100 ഗ്രാമിന് 10,990 രൂപ എന്നിങ്ങനെയാണ് വില നിലവാരം.
തിങ്കളാഴ്ച്ച രാവിലത്തെ വ്യാപാരത്തിൽ രാജ്യാന്തര സ്വർണ്ണ വില 3,375 ഡോളർ എന്ന സർവ്വകാല ഉയരം തൊട്ടു. ഇത്തരത്തിൽ ഒരു ദിവസത്തിൽ 1.43% ഉയർച്ചയാണ് നേടിയത്. യു.എസിന്റെ താരിഫ് നയങ്ങൾ സംബന്ധിച്ച അനിശ്ചിതത്ത്വമാണ് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്നത്.




