തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് പ്രതിസന്ധി രൂക്ഷമാകുന്നു. പേവിഷ പ്രതിരോധ മരുന്ന് ഉൾപ്പെടെയുള്ള പ്രധാന മരുന്നുകൾ പോലും പല ആശുപത്രികളിലും സ്റ്റോക്കില്ലാത്ത സാഹചര്യമാണെന്നാണ് വിവരം. താഴെത്തട്ടിലുള്ള ആശുപത്രികളിലാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുന്നത്.
മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കുമുള്ള പർച്ചേസ് ഓർഡറുകൾ വൈകുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. കുടിശ്ശികയും പ്രധാന വെല്ലുവിളിയായി തുടരുകയാണ്. ഈ സാമ്പത്തിക വർഷത്തേക്കുള്ള 209 ഇനം മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും സ്റ്റോക്ക് ഇതുവരെ എത്തിയിട്ടില്ലെന്നാണ് വിവരം.
പ്രധാന മരുന്നുകൾ ലഭ്യമല്ലാത്തത് രോഗികളെയും ആശുപത്രി അധികൃതരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുകയാണ്. ആവശ്യമായ മരുന്നുകൾ സമയബന്ധിതമായി ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സർക്കാർ ആശുപത്രികളിലെ നിലവിലെ സ്ഥിതി.
അതേസമയം, സർക്കാർ ആശുപത്രികളിൽ മുഴുവൻ സമയവും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിനായി ആരംഭിച്ച പദ്ധതിയും പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോയിട്ടില്ലെന്നാണ് റിപ്പോർട്ട്. മിക്ക ആശുപത്രികളിലും ആവശ്യത്തിന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കാൻ കഴിഞ്ഞിട്ടില്ല.
പദ്ധതി ആദ്യം ആരംഭിച്ച പുനലൂരിൽ പോലും സംവിധാനം പൂർണതോതിൽ പ്രവർത്തനസജ്ജമായിട്ടില്ല. മലപ്പുറം ജില്ലയിൽ പദ്ധതി ഇതുവരെ ആരംഭിക്കാനായിട്ടില്ലെന്നും വിവരമുണ്ട്.
മരുന്ന് ക്ഷാമത്തിനൊപ്പം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറവും സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.












