സുൽത്താൻ ബത്തേരി: ചെതലയം ആറാംമൈലിൽ ആനക്കൊമ്പ് വിൽപന നടത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ ആറ് പ്രതികളുടെ റിമാൻഡ് കോടതി തടഞ്ഞു. വനംവകുപ്പ് അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിന്റെ നടപടി.
പ്രതികളെ കോടതി വിട്ടയച്ചെങ്കിലും ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ച് കോടതിയുടെ അനുമതിയോടെ വീണ്ടും അറസ്റ്റ് ചെയ്യാൻ വനംവകുപ്പിന് കഴിയും. പിടിച്ചെടുത്ത ആനക്കൊമ്പുകൾ, വാഹനം എന്നിവ ഉൾപ്പെടെയുള്ള തൊണ്ടിമുതൽ വനംവകുപ്പിന്റെ കസ്റ്റഡിയിൽ സൂക്ഷിക്കാനും കോടതി അനുമതി നൽകി.
ആറാംമൈലിലെ ഒരു ഹോംസ്റ്റേയിൽ ആനക്കൊമ്പ് വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ആദ്യം രണ്ട് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നാല് പേരെ കൂടി കസ്റ്റഡിയിലെടുത്തു.
വടക്കനാട് പണയമ്പം തെക്കേകുന്നത്ത് ഷമിൻ ഫ്രാൻസിസ് (32), ചെതലയം ആറാംമൈൽ വെട്ടുപാറപ്പുറത്ത് അഭിലാഷ് (44), കുറിച്ച്യാട് ഉന്നതിയിലെ രാജേഷ് (38), ബാലൻ (56), പണയമ്പം കാട്ടുനായ്ക്ക ഉന്നതിയിലെ പി.എം. ജിത്തു (27), പണയമ്പം ഉന്നതിയിലെ എൻ. മനോജ് (35) എന്നിവരാണ് അറസ്റ്റിലായത്.
ഷമിൻ ഫ്രാൻസിസിന്റെയും അഭിലാഷിന്റെയും പക്കൽ നിന്ന് മൂന്ന് ആനക്കൊമ്പുകൾ പിടിച്ചെടുത്തതായി വനംവകുപ്പ് അറിയിച്ചു. ഇവർ ഉപയോഗിച്ചെന്ന് പറയുന്ന കാറും കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളെയും അവരുടെ ബന്ധുക്കളെയും അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ യഥാസമയം അറിയിച്ചില്ലെന്നതാണ് കോടതി ചൂണ്ടിക്കാട്ടിയ പ്രധാന വീഴ്ച.












