തിരുവനന്തപുരം: ഡോ. കമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷന്റെ 2026-ലെ പരിസ്ഥിതി പുരസ്‌കാരത്തിന് വയനാട്ടിലെ പരിസ്ഥിതി പ്രവർത്തകൻ എൻ. ബാദുഷ അർഹനായി. അന്തരിച്ച പരിസ്ഥിതി പ്രവർത്തകനും കേരള സർവകലാശാല സസ്യശാസ്ത്ര വിഭാഗം മുൻ റീഡറുമായിരുന്ന ഡോ. കമറുദ്ദീന്റെ സ്മരണയ്ക്കായാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
25,000 രൂപയും പ്രശസ്തിപത്രവും പ്രശംസാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സർക്കാർ സംവിധാനങ്ങളുടെ സഹായമില്ലാതെ സ്വന്തം പരിശ്രമത്തിലൂടെ ജൈവവൈവിധ്യ സംരക്ഷണത്തിനായി പ്രവർത്തിച്ചതാണ് ബാദുഷയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ജൂറി ഏകകണ്ഠമായാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
പതിറ്റാണ്ടുകളായി വയനാടിന്റെ പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമാണ് എൻ. ബാദുഷ. വനനശീകരണം, ചന്ദനക്കൊള്ള, ആനവേട്ട, അനധികൃത ക്വാറികൾ, നിയമവിരുദ്ധ ആനപിടിത്തം എന്നിവയ്ക്കെതിരെ നിരവധി സമരങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.
ആദിവാസി സമൂഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. സുഗന്ധഗിരിയിലെ ആദിവാസി ഭൂമി സംരക്ഷിക്കാനും ചരിത്രപ്രസിദ്ധമായ എടക്കൽ ഗുഹയെ സംരക്ഷിക്കാനുമുള്ള പോരാട്ടങ്ങളിലും സജീവമായിരുന്നു.
വയനാട് വന്യജീവി സങ്കേതത്തിൽ നിന്ന് 14 ഗ്രാമങ്ങളിലെ 800 കർഷക കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പ്രവർത്തനത്തിലും ബാദുഷ നിർണായക പങ്കുവഹിച്ചു. നിലവിൽ വയനാട്ടിലെ അനിയന്ത്രിത ടൂറിസത്തിനും തുരങ്കപ്പാത പദ്ധതിക്കുമെതിരെ നിയമപോരാട്ടം നടത്തിവരികയാണ്. പരിസ്ഥിതി സംരക്ഷണ രംഗത്തെ പ്രവർത്തനങ്ങൾക്ക് 2012-ൽ വൈൽഡ് ലൈഫ് സർവീസ് അവാർഡും 2014-ൽ പ്രകൃതി മിത്ര അവാർഡും ലഭിച്ചിട്ടുണ്ട്.
നവംബർ 13 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കാര്യവട്ടം സിഎൽഐഎഫിലെ സി.വി. രാമൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പുരസ്‌കാരം സമ്മാനിക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. അച്യുത് ശങ്കർ മുഖ്യപ്രഭാഷണം നടത്തും.


