ആലപ്പുഴ: എറണാകുളത്തുനിന്ന് ഹരിപ്പാട്ടേക്ക് കെഎസ്ആർടിസി ബസിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത ബി.കോം ഒന്നാം വർഷ വിദ്യാർഥിനിയെ രാത്രി പാതിവഴിയിൽ ഇറക്കിവിട്ടതായി പരാതി. പന്തളം സ്വദേശിനിക്കാണ് കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് ദുരനുഭവമുണ്ടായതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലും വിവിധ സർക്കാർ വകുപ്പുകളിലും കുടുംബം പരാതി നൽകി.
നവംബർ ഏഴിന് രാത്രി 8.30 ഓടെയാണ് സംഭവം. ആർപിസി 332 നമ്പർ ബസ് ആലപ്പുഴയിലെത്തിയപ്പോൾ സർവീസ് അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് ജീവനക്കാർ യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു. ഹരിപ്പാട്ടേക്ക് ടിക്കറ്റെടുത്ത വിദ്യാർഥിനിക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ പകരം യാത്രാസൗകര്യമൊന്നും ഒരുക്കിയില്ലെന്നാണ് പരാതി.
തുടർന്ന് ആലപ്പുഴ ബസ് സ്റ്റാൻഡിൽ ഒറ്റയ്ക്ക് രണ്ടുമണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്ന വിദ്യാർഥിനിയെ ഒടുവിൽ മാതാപിതാക്കൾ എത്തിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്. സംഭവത്തിൽ കുടുംബം ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
പിന്നാലെ ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്ക് രേഖാമൂലം പരാതി നൽകാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്നാണ് ആരോപണം. പിറ്റേദിവസം രാവിലെ പത്തിന് എത്താനായിരുന്നു സ്റ്റേഷൻ മാസ്റ്ററുടെ നിർദേശമെന്നും കുടുംബം പറയുന്നു.
സംഭവമറിഞ്ഞ പന്തളത്തെ ഒരു പൊതുപ്രവർത്തകൻ നടത്തിയ അന്വേഷണത്തിലാണ് ബസ് ചേർത്തല ഡിപ്പോയിലേതാണെന്ന് വ്യക്തമായത്. തുടർന്ന് ചേർത്തല ഡിപ്പോ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ റോഡിലെ ഗതാഗതക്കുരുക്ക് കാരണം സർവീസ് ആലപ്പുഴയിൽ അവസാനിപ്പിച്ചതാണെന്നും ബസ് ഡിപ്പോയിൽ തിരിച്ചെത്തിയെന്നും ജീവനക്കാർ മടങ്ങിയെന്നുമായിരുന്നു ആദ്യ വിശദീകരണം.
എന്നാൽ വിദ്യാർഥിനിയെ പാതിവഴിയിൽ ഇറക്കിവിട്ട നടപടിയെ ചോദ്യം ചെയ്തതോടെ ബസിന് തകരാർ സംഭവിച്ചെന്നായിരുന്നു പിന്നീട് ലഭിച്ച വിശദീകരണം. ഡിപ്പോ അധികൃതരുടെ വിശദീകരണങ്ങളിലെ ഈ വൈരുധ്യം പരിശോധിക്കണമെന്നും ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ആലപ്പുഴയിലെ സ്റ്റേഷൻ മാസ്റ്റർ സ്വീകരിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
യാത്രയ്ക്ക് ടിക്കറ്റ് തുക ഈടാക്കിയശേഷം ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ യാത്ര അവസാനിപ്പിച്ചത് ഗുരുതരമായ അനാസ്ഥയാണെന്നാണ് കുടുംബത്തിന്റെ നിലപാട്. ഉത്തരവാദികളായ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മാനസിക ബുദ്ധിമുട്ട് നേരിട്ട വിദ്യാർഥിനിക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് വനിതാ ശിശുക്ഷേമ, യുവജന, ഗതാഗത വകുപ്പുകൾക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. ഗതാഗത മന്ത്രിക്കും പരാതി നൽകാനുള്ള നീക്കത്തിലാണ് കുടുംബം.



