മലപ്പുറം: അമരമ്പലത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി. പൂക്കോട്ടുംപാടം അങ്ങാടിയിലെ ഹോട്ടലുകളിലും കൂൾബാറുകളിലും ഞായറാഴ്ച പുലർച്ചെ മുതൽ വ്യാപക പരിശോധന നടത്തി.
അമരമ്പലം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. അശ്വതിയുടെ നിർദേശപ്രകാരം ഹെൽത്ത് ഇൻസ്പെക്ടർ ഗോകുൽദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള പത്തോളം ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ ഹോട്ടലുകളിൽ സൂക്ഷിച്ചിരുന്ന വലിയ അളവിലുള്ള പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തി. ഇവ പിടിച്ചെടുത്ത് നശിപ്പിച്ചു. ശുചിത്വവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് അധികൃതർ നോട്ടീസ് നൽകി.
പഴകിയ ഭക്ഷണസാധനങ്ങൾ വിൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പിഴ ഈടാക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
അതേസമയം, പ്രദേശത്ത് നിലവിൽ പുതിയ ഷിഗെല്ല കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലം വരും ദിവസങ്ങളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.


