യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിനെ ഒഴിവാക്കി, മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച ചെയ്യാനൊരുങ്ങി സുന്നി സമസ്ത വിഭാഗം. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സർക്കാർ സമിതികളിലെ പ്രാതിനിധ്യം, മതപരമായ കാര്യങ്ങൾ തുടങ്ങിയവയാണ് മുഖ്യമന്ത്രി വി ഡി സതീശനുമായി നേരിട്ട് ചർച്ച നടത്തുക. സർക്കാരിൽ തങ്ങൾക്ക് കൂടുതൽ പ്രാധാന്യം വേണം എന്നത് തന്നെയാണ് പ്രധാന ആവശ്യം. ജമാഅത്തെ ഇസ്‌ലാമിക്ക് സർക്കാർ നൽകുന്ന പരിഗണനയായിരുന്നു നേരത്തെ സമസ്തയുടെ പരിഭവം. അതാണിപ്പോൾ ലീഗിന്റെ നേർക്ക് തിരിഞ്ഞിരിക്കുന്നത്.
മുസ്ലിം ലീഗുമായുള്ള സമസ്ത ഇ.കെ വിഭാഗത്തിന്റെ പരമ്പരാഗതമായുള്ള ബന്ധത്തിലെ സുപ്രധാന മാറ്റമാണിതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മുൻകാലങ്ങളിലെ യുഡിഎഫ് സർക്കാരുകളുടെ കാലത്ത്, സമസ്തയെയും മുസ്ലിം സമുദായത്തെയും ബാധിക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നത് മുസ്ലിം ലീഗ് വഴിയായിരുന്നു. എന്നാൽ ഈ പരമ്പരാഗത രീതിയിൽ നിന്നുള്ള മാറ്റമാണ് ഇപ്പോൾ പ്രകടമാകുന്നത്.
മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്ന സാഹചര്യം പുനഃസൃഷ്ടിക്കാനുള്ള ശ്രമമായാണ് സമസ്തയുടെ ഈ പുതിയ നീക്കത്തെ മുസ്ലിം ലീഗ് നേതൃത്വം നോക്കിക്കാണുന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഇരു സുന്നി വിഭാഗങ്ങളുമായും നേരിട്ട് ബന്ധം സ്ഥാപിച്ചിരുന്നു. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലീഗിന്റെ മധ്യസ്ഥ പങ്കിനെ ഫലത്തിൽ ഇല്ലാതാക്കുന്നതായിരുന്നു അന്ന് അത്തരം നീക്കങ്ങൾ.
പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ് രണ്ട് മാസത്തിനുള്ളിൽ, അതായത് ജൂലൈ 13-ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വി ഡി സതീശന് നിവേദനം സമർപ്പിച്ചിരുന്നു. ഇതിലൂടെ മുഖ്യമന്ത്രിയുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള സമസ്തയുടെ ശ്രമങ്ങൾ വളരെ നേരത്തെ തന്നെ ആരംഭിച്ചിരുന്നു എന്ന് വ്യക്തമാകുന്നു.
ജമാഅത്തെ ഇസ്‌ലാമിയുമായുള്ള സർക്കാരിന്റെ അടുപ്പത്തിൽ നേരത്തെയും സമസ്തയുടെ വിവിധ വിഭാഗങ്ങൾ ശക്തമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സമസ്തയുടെ ഇ.കെ, എ.പി വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളിൽ ഇതുസംബന്ധിച്ച രൂക്ഷമായ വിമർശനങ്ങളും ഉയർന്നിരുന്നു. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ സമസ്തയുടെ അഭിപ്രായങ്ങൾ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ലെന്ന ആശങ്കയും സംഘടനാ നേതൃത്വത്തിനുണ്ട്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി, വഖഫ് ബോർഡ്, ന്യൂനപക്ഷ ക്ഷേമ-പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ, മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ്, സംസ്ഥാന പാഠ്യപദ്ധതി സമിതി, നോർക്ക എന്നിവിടങ്ങളിലെ നിയമനങ്ങളെക്കുറിച്ച് സമസ്തയുമായി ചർച്ച നടത്തണമെന്ന് ജിഫ്രി തങ്ങൾ നിവേദനത്തിൽ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു.
വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ, ഇ.കെ വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് സമസ്ത നേതാക്കൾ വിശ്വസിക്കുന്നതാണ് ഈ പ്രശ്നങ്ങളുടെയെല്ലാം തുടക്കം. ‘സമസ്തയുടെ ഉന്നതാധികാര സമിതിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരാളെ നിയമിച്ചത് സംഘടനയുടെ നേതൃത്വത്തിനെതിരായ നീക്കമാണെന്ന് ഞങ്ങൾ സംശയിക്കുന്നു’ എന്ന് ഒരു പ്രമുഖ സമസ്ത നേതാവ് വ്യക്തമാക്കിയിട്ടുണ്ട്.
വഖഫ് ബോർഡിൽ സമസ്ത നിർദേശിച്ച വ്യക്തിക്ക് പകരം ജമാഅത്തെ ഇസ്‌ലാമിയുടെ നോമിനിക്കാണ് സർക്കാർ പരിഗണന നൽകിയത്. ഇതിനെത്തുടർന്ന് കടുത്ത അതൃപ്തി പ്രകടിപ്പിക്കാൻ സമസ്ത നേതാക്കൾ മുഖ്യമന്ത്രിയെ നേരിൽ കണ്ടിരുന്നു. ഇതിനിടയിലാണ് സമസ്ത പതിറ്റാണ്ടുകളായി തുടർന്നുപോന്ന മറ്റൊരു പ്രധാന കീഴ്‌വഴക്കവും തിരുത്തിയത്. സംഘടനയുടെ വിദ്യാർത്ഥി വിഭാഗമായ എസ്‌കെഎസ്എസ്എഫിന്റെ (SKSSF) അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഇത്തവണ പാണക്കാട് കുടുംബാംഗത്തെ പരിഗണിച്ചില്ല.
മുസ്‌ലിം ലീഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കെയാണ് ഈ നിർണായക സംഭവം ഉണ്ടായിരിക്കുന്നത്. പുതിയ നേതൃത്വത്തിൽ ഫഖ്‌റുദ്ധീൻ തങ്ങളെയാണ് എസ്‌കെഎസ്എസ്എഫ് അധ്യക്ഷനായി നിയമിച്ചത്. ഒ പി അഷ്‌റഫ് മൗലവിയെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തിട്ടുണ്ട്. വഖഫ് ബോർഡിൽ സമസ്ത പുറത്താക്കിയ പണ്ഡിതനെ പരിഗണിച്ചതിൽ സംഘടന പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഈ പുതിയ സംഘടനാ നടപടി.
1989-ൽ രൂപീകൃതമായ എസ്‌കെഎസ്എസ്എഫിന്റെ ആദ്യ പ്രസിഡന്റ് അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പും ജനറൽ സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവുമായിരുന്നു. എന്നാൽ 1990 മുതൽ ഇങ്ങോട്ട് പാണക്കാട് കുടുംബാംഗങ്ങൾ മാത്രമായിരുന്നു എസ്‌കെഎസ്എസ്എഫ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. 1990-ൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റായി ചുമതലയേറ്റു. തുടർന്ന് 1992, 1994, 2001 വർഷങ്ങളിലും പാണക്കാട് ശിഹാബ് തങ്ങൾ തന്നെയായിരുന്നു പ്രസിഡന്റ്.
പിന്നീട് 2004-ൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തി. 2006, 2008, 2011, 2013 വർഷങ്ങളിലും അബ്ബാസലി ശിഹാബ് തങ്ങൾ തന്നെയായിരുന്നു സംഘടനയെ നയിച്ചിരുന്നത്. തുടർന്ന് 2015-ൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നു. 2018, 2020, 2022 വർഷങ്ങളിലും ഹമീദലി ശിഹാബ് തങ്ങൾ തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ കഴിഞ്ഞ നാല് വർഷമായി ഹമീദലി ശിഹാബ് തങ്ങളായിരുന്നു ഈ പദവിയിൽ തുടർന്നിരുന്നത്. ഈ ചരിത്രപരമായ തുടർച്ചയാണ് ഇപ്പോൾ വഴിമാറിയിരിക്കുന്നത്.


