കൊച്ചി: കാലടി സർവകലാശാലയിലെ പരീക്ഷാ വിവാദത്തിൽ സർവകലാശാലയുടെ വാദങ്ങൾ തള്ളി വിദ്യാർത്ഥികൾ. പരീക്ഷ എഴുതേണ്ട എല്ലാ വിദ്യാർത്ഥികൾക്കും സസ്പെൻഷന് മുമ്പ് 60 ശതമാനം വരെ ഹാജരുണ്ടായിരുന്നുവെന്ന് വിദ്യാർത്ഥികൾ കോടതിയിൽ നൽകിയ പുതിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ബാക്കി 15 ശതമാനം ഹാജർ മാപ്പിനായി അപേക്ഷ നൽകിയാൽ ലഭിക്കുമായിരുന്നുവെന്നും എന്നാൽ സസ്പെൻഷനെ തുടർന്ന് കോളേജിൽ പ്രവേശിക്കാൻ അനുവദിക്കാത്തതിനാൽ അപേക്ഷ നൽകാൻ കഴിഞ്ഞില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.
നിലവിലെ റിട്ട് ഹർജിയിലാണ് വിദ്യാർത്ഥികൾ പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്. ഹർജി ഇന്ന് തന്നെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാനാണ് നീക്കം. നാടകം അവതരിപ്പിച്ചതിന്റെ പേരിലാണ് തങ്ങൾക്കെതിരെ കേസെടുത്തതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ഒരേ വിഷയത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത് മനപ്പൂർവം ഉപദ്രവിക്കാനാണെന്നും അവർ ഹർജിയിൽ ചൂണ്ടിക്കാട്ടി.
അച്ചടക്കനടപടികൾക്ക് മുന്നോടിയായാണ് സസ്പെൻഷൻ ഏർപ്പെടുത്തിയതെന്നും ദീർഘകാലത്തെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും വിദ്യാർത്ഥികൾ വാദിക്കുന്നു. കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർദേശിച്ചിരുന്നു. സർവകലാശാലകളിൽ അച്ചടക്കം പാലിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി.
വിദ്യാർത്ഥികൾക്കായി മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശാണ് ഹാജരായത്. സസ്പെൻഷൻ കാരണമാണ് ഹാജർ കുറഞ്ഞതെന്നും സർവകലാശാല മനപ്പൂർവം ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതാണെന്നും അദ്ദേഹം വാദിച്ചു. എന്നാൽ വിദ്യാർത്ഥികളുടെ ഹാജർ നില കോടതി പരിശോധിക്കണമെന്നായിരുന്നു സർവകലാശാലയുടെ ആവശ്യം.
കോടതി ഉത്തരവ് വിദ്യാർത്ഥികൾക്ക് അനുകൂലമായാൽ പ്രത്യേക പരീക്ഷ നടത്താൻ തയ്യാറാണെന്നും സർവകലാശാല അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതിനെ തുടർന്നാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.


