കൊച്ചി: ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തെ ആവേശക്കടലാക്കി ബ്രസീൽ ലജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിലുള്ള ഇതിഹാസ പോരാട്ടം. ആവേശം നിറഞ്ഞ മത്സരത്തിൽ ഇന്ത്യൻ ഓൾ സ്റ്റാർസിനെ 4-3ന് തോൽപ്പിച്ച് ബ്രസീൽ ലജൻഡ്സ് വിജയം സ്വന്തമാക്കി.
ബ്രസീലിനായി ഫെർണാണ്ടീഞ്ഞോ ഹാട്രിക് നേടി തിളങ്ങിയപ്പോൾ, ഇന്ത്യൻ നിരയിൽ മലയാളി താരം സി.കെ. വിനീത് ഇരട്ട ഗോളുകളുമായി ശ്രദ്ധേയ പ്രകടനം നടത്തി.
ആദ്യ പകുതി മുതൽ ആക്രമണ ഫുട്ബോളുമായി മുന്നേറിയ ഇന്ത്യ 14-ാം മിനിറ്റിൽ സി.കെ. വിനീതിലൂടെ അക്കൗണ്ട് തുറന്നു. എന്നാൽ 21-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രസീലിയൻ സൂപ്പർ താരം റൊണാൾഡീഞ്ഞോ മത്സരം സമനിലയിലാക്കി.
തുടർന്ന് മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞ ഫെർണാണ്ടീഞ്ഞോ തുടർച്ചയായി മൂന്ന് ഗോളുകൾ നേടി ബ്രസീലിന് 4-1ന്റെ ലീഡ് സമ്മാനിച്ചു. മത്സരത്തിൽ തിരിച്ചുവരാൻ ഇന്ത്യൻ താരങ്ങൾ നടത്തിയ ശ്രമങ്ങൾ അവസാനഘട്ടത്തിൽ ഫലം കണ്ടു.
സി.കെ. വിനീത് തന്റെ രണ്ടാം ഗോൾ കൂടി നേടി ഇന്ത്യയുടെ പ്രതീക്ഷകൾ സജീവമാക്കി. അവസാന മിനിറ്റുകളിൽ അസീം ബിശ്വാസ് മൂന്നാം ഗോൾ കണ്ടെത്തിയെങ്കിലും മത്സരം ബ്രസീൽ ലജൻഡ്സിനൊപ്പം തന്നെ നിന്നു.
റൊണാൾഡീഞ്ഞോ, റിവാൾഡോ തുടങ്ങിയ ലോക ഫുട്ബോൾ ഇതിഹാസങ്ങൾ ബ്രസീൽ നിരയിൽ അണിനിരന്നപ്പോൾ ഐ.എം. വിജയൻ, ബൈചുങ് ബൂട്ടിയ, ജോ പോൾ അഞ്ചേരി തുടങ്ങിയ ഇന്ത്യൻ ഫുട്ബോൾ താരങ്ങളും കളത്തിലിറങ്ങി.
ആയിരക്കണക്കിന് ആരാധകർ സാക്ഷിയായ മത്സരം കൊച്ചിയിലെ ഫുട്ബോൾ പ്രേമികൾക്ക് അവിസ്മരണീയമായ അനുഭവമായി മാറി.












