തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി സർക്കാർ 20 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. ‘സമ്പാദ്യ സമാശ്വാസ പദ്ധതി’യുടെ (എസ്.സി.ആർ.എസ്) രണ്ടാം ഗഡുവായാണ് തുക അനുവദിച്ചത്.
പ്രതികൂല കാലാവസ്ഥ, ട്രോളിംഗ് നിരോധനം തുടങ്ങിയ കാരണങ്ങളാൽ മത്സ്യബന്ധനം നടത്താൻ കഴിയാത്ത പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. തീരദേശ കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നടപ്പ് സാമ്പത്തിക വർഷം പദ്ധതിക്കായി 62.463 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയിട്ടുണ്ട്. ഇതിൽ കേന്ദ്ര വിഹിതമായ 10 കോടിയും സംസ്ഥാന വിഹിതമായ 10 കോടിയും ചേർത്താണ് ഇപ്പോൾ 20 കോടി രൂപ അനുവദിച്ചത്. മൂന്നാം ഗഡു അടുത്ത മാസം അനുവദിക്കും.
മത്സ്യബന്ധനം സാധ്യമാകാത്ത കാലത്തും തീരദേശ കുടുംബങ്ങളെ സർക്കാർ കൈവിടില്ലെന്ന് ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ പറഞ്ഞു. കുടുംബങ്ങളുടെ പട്ടിണി മാറ്റുന്നതിനും അടിസ്ഥാന സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിക്ക് അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ധനസഹായം നേരിട്ട് എത്തിക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.




