കൊച്ചി: പാതിവില തട്ടിപ്പു കേസില്‍ സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ അറസ്റ്റില്‍. മൂവാറ്റുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി റിജി വർഗീസ് നല്കിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ മുറിഞ്ഞപാലത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. കാർഡിയോളജി വിഭാഗത്തിലാണ് അദ്ദേഹമുള്ളത്. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പാതിവില തട്ടിപ്പില്‍ പണം ലഭിച്ചത് ട്രസ്റ്റിനാണെന്നും വ്യക്തിപരമായി തനിക്ക് ബന്ധമില്ലെന്നും ആനന്ദകുമാർ വാദിച്ചിരുന്നു. പൊലീസ് റിപ്പോർട്ട് ലഭിക്കാതിരുന്നതിനെ തുടർന്ന് അഞ്ച് തവണയായി മാറ്റി വച്ചിരുന്ന കേസില്‍ ഇന്നലെ കോടതി വാദം കേട്ടു. തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ ബോധ്യം ആനന്ദകുമാറിന് ഉണ്ടായിരുന്നെന്നാണ് പൊലീസ് ഭാഷ്യം.കണ്ണൂർ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ കണ്ണൂർ എസ്.പിയെ എതിർകക്ഷിയാക്കിയാണ് മുൻകൂർ ജാമ്യാപേക്ഷ നല്കിയത്ആനന്ദകുമാർ രണ്ടാം പ്രതിയാണ്. അറസ്റ്റിലായ അനന്തുകൃഷ്ണനാണ് ഒന്നാം പ്രതി. കേസില്‍ ഏഴു പ്രതികളുണ്ട്. വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സീഡ് സൊസൈറ്റിയിലെ അംഗങ്ങള്‍ക്ക് പാതിവിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2.96 കോടി തട്ടിയെന്നാണ് പരാതി.






