തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. അടുത്ത 24 മണിക്കൂറിനിടെ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.
കന്യാകുമാരി തീരത്തിനു സമീപം നിലനിൽക്കുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തിപ്രാപിച്ചിരിക്കുകയാണ്. ഇത് കൂടുതൽ ശക്തിപ്രാപിച്ച് തീവ്രന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന തീരപ്രദേശങ്ങളിൽ 28 വരെ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. കർണാടക തീരത്ത് മത്സ്യബന്ധന നിരോധനം ഉണ്ടായിരിക്കില്ല.
കേരള തീരത്ത് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിലും ചിലയിടങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാനിടയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.






