വയനാട്: വയനാട് കൽപ്പറ്റയിൽ ഒന്നര വര്‍ഷം മുന്‍പ് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്‍റെ തീരോധാനം കൊലപാതകമെന്ന് തെളിഞ്ഞതിന് പിന്നാലെ പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നു പൊലീസ്. ഹേമചന്ദ്രനെ കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനമേഖലയില്‍ കുഴിച്ചുമൂടുന്നതിന് മുൻപ് കത്തിക്കാനും പ്രതികള്‍ ശ്രമിച്ചുവെന്നാണ് പുതിയ വിവരം. പ്രതികള്‍ മൃതദേഹത്തില്‍ പഞ്ചസാര വിതറിയാണ് തീ കൊളുത്തിയത്. തീ ആളിപ്പടര്‍ന്നതോടെ ആരെങ്കിലും കാണുമെന്ന് കരുതി ഉടന്‍ തന്നെ കെടുത്തി കുഴിച്ചുമൂടുകയായിരുന്നു.
ഉറവകളും തണുപ്പും മറ്റുമുള്ള അന്തരീക്ഷമായതിനാലാണ് പതിനഞ്ചുമാസത്തോളം ചതുപ്പ് പ്രദേശത്ത് മണ്ണിട്ട് മൂടിയിട്ടും ഹേമചന്ദ്രന്‍റെ ശരീരഭാഗങ്ങള്‍ കൂടുതല്‍ ദ്രവിക്കാതിരുന്നതെന്നാണ് നിഗമനം. കേസിൽ ഗള്‍ഫിലുള്ള മുഖ്യ പ്രതി നൗഷാദിനെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളേജ് എസിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെളിവ് നശിപ്പിക്കാനും മറ്റും പ്രതികള്‍ക്ക് കൂടുതല്‍ പേര്‍ സഹായം നല്‍കിയിട്ടുണെന്നും ഇവരെയും കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
2024 മാര്‍ച്ച് 20-നാണ് പ്രേമചന്ദ്രനെ കാണാതാകുന്നത്. കാണാതാകുന്ന സമയത്ത് ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മായനാട് നടപ്പാലത്ത് എന്ന സ്ഥലത്ത് വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. തിരോധാനത്തിന്റെ കാരണങ്ങള്‍ തേടിയ പൊലീസിന് ഹേമചന്ദ്രന്‍ നിരവധി പേരുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്ന വിവരം ലഭിച്ചു. പണം നല്‍കിയവര്‍ ആരൊക്കെയെന്ന് കണ്ടെത്തുന്നതിനിടെയാണ് ഹേമചന്ദ്രനെ ഇദ്ദേഹത്തിന്റെ പെണ്‍സുഹൃത്ത് വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയിരുന്നതായുള്ള നിര്‍ണായക വിവരം ലഭിക്കുന്നത്.



