മേഘാലയ: മേഘാലയയിൽ ഹണിമൂണിനിടെ കൊല്ലപ്പെട്ട രാജാ രഘുവംശിയുടെ മരണത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. രാജാ രഘുവംശിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സോനം രഘുവംശി കൊലപാതകത്തിന് ശേഷം കരാർ കൊലയാളികൾക്ക് 20 ലക്ഷം രൂപ നൽകിയതായി മേഘാലയ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇവരെ നീണ്ട തിരച്ചിലിനൊടുവിലാണ് മേഘാലയ പോലീസ് ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്ന് കണ്ടെത്ഥ്യ അറസ്റ്റ് ചെയ്തത്.
കൊലപാതകവുമായി ബന്ധപ്പെട്ട് കാമുകൻ രാജ് കുശ്വാഹയെയും മധ്യപ്രദേശിൽ നിന്നും കൊലപാതകത്തിന് കൂട്ടുനിന്ന മൂന്ന് കരാർ കൊലയാളികളെയും അറസ്റ്റ് ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് സോനം പോലീസ് പിടിയിലായത്. മെയ് 11 ന് വിവാഹിതരായ ദമ്പതികൾ മെയ് 21 നാണ് മേഘാലയയിലേക്ക് പുറപ്പെട്ടത് .
മെയ് 23 നാണ് ഇവരെ കാണാതായതായി റിപ്പോർട്ട് ചെയ്തത് .അതേസമയം ജൂൺ 2 ന് കിഴക്കൻ ഖാസി ഹിൽസ് ജില്ലയിലെ സോഹ്രയിലെ ഒരു മലയിടുക്കിൽ രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത് . ആ ദിവസങ്ങളിൽ തന്നെ സോനത്തിനായുള്ള അന്വേഷണവും പോലീസ് നടത്തിയിരുന്നു. ദമ്പതികളെ കാണാതായ അതേ ദിവസം, മെയ് 23 നാണ് കൊലപാതകം നടന്നതെന്ന് പോലീസ് കരുതുന്നു.






