ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിലെ തടസങ്ങളും മൂലം ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം വീണ്ടും ഉയർന്നതായി റിപ്പോർട്ട്. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ അടിസ്ഥാനമാക്കി ദേശീയ മാധ്യമമാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
മുൻപ് വൻ ഡിസ്‌കൗണ്ടിൽ ലഭിച്ചിരുന്ന റഷ്യൻ എണ്ണയ്ക്ക് ഇപ്പോൾ ഇന്ത്യ അധിക തുക നൽകുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമായതോടെ ഇന്ത്യ 2.5 ശതമാനം അധിക വില നൽകിയാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത്. 2025-26 കാലയളവിൽ റഷ്യൻ എണ്ണയ്ക്ക് ശരാശരി 3.9 ശതമാനം ഡിസ്‌കൗണ്ട് ലഭിച്ചിരുന്നു.
ആഗോള വിപണിയിലെ വിലക്കയറ്റവും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിതരണ തടസവും റഷ്യൻ എണ്ണയുടെ വില ഉയരാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു. മാർച്ചിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത എണ്ണയ്ക്ക് ടണ്ണിന് ശരാശരി 601 ഡോളർ ചെലവായപ്പോൾ റഷ്യൻ എണ്ണയ്ക്ക് ഇന്ത്യ 616 ഡോളർ നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
ജനുവരിയിൽ 19 ശതമാനമായിരുന്ന റഷ്യൻ എണ്ണയുടെ വിഹിതം മാർച്ചിൽ 33.3 ശതമാനമായി ഉയർന്നു. ഫെബ്രുവരി 28-ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഗൾഫ് രാജ്യങ്ങളിലെയും അമേരിക്കയിലെയും ആശ്രയം കുറയ്ക്കാൻ ഇന്ത്യ നിർബന്ധിതമായി. ഇതോടെ സൗദി അറേബ്യയും യുഎഇയും ഉൾപ്പെടുന്ന ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വിഹിതം ഫെബ്രുവരിയിലെ 55 ശതമാനത്തിൽ നിന്ന് മാർച്ചിൽ 42.3 ശതമാനമായി കുറഞ്ഞു.
വിതരണ പാതകളിലെ പ്രതിസന്ധി കാരണം ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിലും ഇടിവുണ്ടായി. ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ ഇറക്കുമതി 23 ശതമാനം കുറഞ്ഞ് 15.8 ദശലക്ഷം മെട്രിക് ടണ്ണായി ചുരുങ്ങി. അതേസമയം റഷ്യയ്ക്ക് നൽകിയ ആകെ തുക മാർച്ചിൽ 3.2 ബില്യൺ ഡോളറായി ഉയർന്നു. ഇത് ഫെബ്രുവരിയെ അപേക്ഷിച്ച് 30 ശതമാനം കൂടുതലാണ്.
സ്വന്തം താൽപര്യങ്ങൾ മുൻനിർത്തിയാണ് എണ്ണ വാങ്ങുന്നതെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുമ്പോഴും നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം രാജ്യത്തിന് കൂടുതൽ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.






