കോഴിക്കോട്: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് വീട് തകർന്നു. കടലുണ്ടി കൈതവളപ്പിൽ പുളിക്കൽ കുനിയിൽത്തറയിലെ ഗിരിജയുടെ വീടാണ് തകർന്നത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ ഉടൻ തന്നെ പുറത്തേക്ക് ഇറങ്ങിയതിനാൽ ആളപായം ഒഴിവായി.
വീട്ടുവളപ്പിൽ നിന്നിരുന്ന ഒരു വലിയ മാവും, രണ്ട് തെങ്ങുകളും, കവുങ്ങും ഉൾപ്പെടെയുള്ള മരങ്ങൾ വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. വീടിനകത്തുണ്ടായിരുന്ന നിരവധി വീട്ടുപകരണങ്ങൾ നശിച്ചു. ടിവി, റഫ്രിജറേറ്റർ, ഫർണീച്ചറുകൾ എന്നിവ പൂർണ്ണമായും ഉപയോഗശൂന്യമായി.അപകടവിവരമറിഞ്ഞ് ഉടൻ തന്നെ സിപിഐ എം നേതാക്കളും പ്രവർത്തകരുമായ വെൻമണി ഹരിദാസ്, കെ മേഹനൻദാസ്, പി ഉണ്ണി എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികളെ ചേർത്ത് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടത്തി.
വീട് താമസയോഗ്യമല്ലാത്തതിനാൽ ഗിരിജയുടെ കുടുംബാംഗങ്ങളെ താൽക്കാലികമായി അടുത്തുള്ള അയൽവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.സിപിഐ എം ഏരിയാ കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയുമായ കെ ജയപ്രകാശ്, ലോക്കൽ സെക്രട്ടറി ഇ ഭുവനദാസ്, ലോക്കൽ കമ്മിറ്റി അംഗം സി രമേശൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് കുടുംബത്തിന് ആവശ്യമായ പിന്തുണ ഉറപ്പുനൽകി.






