കോട്ടയം: കുമാരനല്ലൂരിനും ചവിട്ടുവരിക്കും ഇടയ്ക്ക് ബഹുനില ഫ്ളാറ്റിന് മുന്നിൽനിന്നും കളഞ്ഞു കിട്ടിയ 50,000 രൂപയുടെ നോട്ട്കെട്ട് വീട്ടമ്മ പോലീസിൽ സ്റ്റേഷനിൽ ഏൽപ്പിച്ചു. ഉടൻ തന്നെ പോലീസ് ഉടമസ്ഥനെ വിവരമറിയിച്ച് പണം തിരികെ നൽകി. ബുധനാഴ്ച ഉച്ചയ്ക്ക് 12-നാണ് പാറമ്പുഴ പള്ളത്തുമാലയിൽ ശോഭനയ്ക്ക് വഴിയിൽക്കിടന്ന് പണംകിട്ടുന്നത്.
റബ്ബർബാൻഡ് വെച്ച് കെട്ടിയ നിലയിലാണ് പണം കണ്ടത്. കുമാരനല്ലൂരിലുള്ള സപ്ലൈകോയിൽ പോയി ചവിട്ടുവരി ജംഗ്ഷനിൽ നിന്ന് പാറമ്പുഴയ്ക്ക് ബസിന് പോകാനാണ് ശോഭന എംസി റോഡിലൂടെ നടന്നു വന്നത്. വഴിയിൽനിന്ന് കിട്ടിയ പണം വീട്ടിൽ സൂക്ഷിച്ചു. കുമാരനല്ലൂരിന് അടുത്ത് താമസിക്കുന്ന സഹോദരൻ ശ്രീകുമാറിനെ വിവരം അറിയിച്ചു. കുമാരനല്ലൂരിലെ കൗൺസിലർ അനിൽകുമാറിനെയും കൂട്ടി ബുധനാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ എത്തി പണംനൽകി.
പണം നഷ്ടപ്പെട്ട അടിച്ചിറയിലെ കപ്പൂച്ചിൻ ആശ്രമത്തിലെ വൈദിക വിദ്യാർഥിയായ ജസ്റ്റിൻ മാത്യു ഇതിനോടകം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.അദ്ദേഹത്തിന് സ്റ്റേഷനിൽ വച്ച് പണം കൈമാറി.






