ഈ കഠിനമായ ചൂടുകാലത്ത് സാലഡിൽ ചേർത്തും ജൂസടിച്ചുമൊക്കെ കുക്കുമ്പർ അഥവാ കക്കിരിക്ക കഴിക്കുമ്പോൾ കിട്ടുന്ന ആ ഒരു ഉന്മേഷം ഒന്നുവേറെ തന്നെയാണ്. പക്ഷേ, ചിലപ്പോഴൊക്കെ ഇത് നോക്കി വാങ്ങിക്കുമ്പോൾ നമുക്ക് നല്ല പണി കിട്ടാറുണ്ട്. കുക്കുമ്പർ വീട്ടിൽ കൊണ്ടുവന്ന് മുറിച്ചു നോക്കുമ്പോഴാകും അതിനു ഭയങ്കര കയ്പ്പാണെന്ന് മനസ്സിലാകുന്നത്. രുചിച്ചു നോക്കാതെ ഈ കയ്പ്പ് കണ്ടുപിടിക്കാൻ കഴിയില്ലെന്നാണ് പലരും കരുതുന്നത്. എന്നാൽ കടയിൽ വെച്ച് തന്നെ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കയ്പ്പുള്ള കുക്കുമ്പർ നമുക്ക് നിഷ്പ്രയാസം ഒഴിവാക്കാം.
കാലാവസ്ഥയിലെ മാറ്റങ്ങൾ, കൃത്യമായി നനയ്ക്കാത്തത്, അമിതമായ ചൂട്, അല്ലെങ്കിൽ മണ്ണിലെ പ്രശ്നങ്ങൾ എന്നിവയൊക്കെയാണ് കുക്കുമ്പറിന് കയ്പ്പുണ്ടാകാനുള്ള പ്രധാന കാരണങ്ങൾ. സാധാരണയായി ഇതിന്റെ അറ്റങ്ങളിലാകും കയ്പ്പ് കൂടുതൽ ഉണ്ടാവുക. അതുകൊണ്ട് കടയിൽ നിന്ന് വാങ്ങുമ്പോൾ ആദ്യം കുക്കുമ്പറിന്റെ നിറം തന്നെ ശ്രദ്ധിക്കണം. നല്ല കടും പച്ച നിറവും ഉറപ്പുള്ള തൊലിയുമുള്ളവ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മഞ്ഞ പാടുകളോ മങ്ങിയ നിറമോ ഉണ്ടെങ്കിൽ അത് അധികം പഴുത്തതോ കേടായതോ ആകാം. അതുപോലെ തൊട്ടുനോക്കുമ്പോൾ നല്ല മാർദ്ദവമുള്ളതും ചുക്കിചുളിഞ്ഞതുമായ കക്കിരിക്ക ഒഴിവാക്കുന്നതാണ് നല്ലത്; ഇവയ്ക്ക് കയ്പ്പുണ്ടാകാൻ സാധ്യത കൂടുതലാണ്.
കുക്കുമ്പറിന്റെ വലുപ്പവും ആകൃതിയും രുചിയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. തടിച്ചതോ വളഞ്ഞതോ ആയവയിൽ വിത്തുകൾ കൂടുതലുണ്ടാകും, ഇത് കയ്പ്പ് കൂട്ടാൻ കാരണമാകും. അതിനാൽ അധികം വണ്ണമില്ലാത്ത, നേരെയുള്ള കക്കിരിക്ക നോക്കി എടുക്കുന്നതാണ് എപ്പോഴും ഉചിതം. അടുത്തതായി ഇതിന്റെ മണം ഒന്ന് ശ്രദ്ധിച്ചു നോക്കാവുന്നതാണ്. നല്ല ഫ്രഷ് കക്കിരിക്കയ്ക്ക് നേരിയതും ശുദ്ധവുമായ ഒരു ഗന്ധമായിരിക്കും. എന്തെങ്കിലും പുളിപ്പോ രൂക്ഷഗന്ധമോ തോന്നിയാൽ അത് എടുക്കാതിരിക്കുന്നതാണ് ബുദ്ധി. വിരലുകൾ കൊണ്ട് പതുക്കെ അമർത്തി നോക്കുമ്പോൾ നല്ല ഉറപ്പ് തോന്നണം, എന്നാൽ കല്ലുപോലെ കട്ടിയാകാനും പാടില്ല. വല്ലാതെ മൃദുവാണെങ്കിൽ അത് കേടായതാകാം, എന്നാൽ വല്ലാതെ കട്ടിയുള്ളതാണെങ്കിൽ പഴകിയതും കയ്പ്പുള്ളതുമാകാനും സാധ്യതയുണ്ട്.
ഇനി വാങ്ങി വീട്ടിൽ കൊണ്ടുവന്ന ശേഷം കയ്പ്പുണ്ടോ എന്ന് അറിയാനും ഒരു എളുപ്പവഴിയുണ്ട്. കക്കിരിക്കയുടെ ഒരറ്റത്തുനിന്ന് ചെറിയൊരു കഷ്ണം മുറിച്ച് അവിടെത്തന്നെ നന്നായി ഉരസി നോക്കുക. അപ്പോൾ വെളുത്ത പത പോലെ വരുന്നുണ്ടെങ്കിൽ അതിൽ കയ്പ്പുണ്ടെന്ന് ഉറപ്പിക്കാം. നമ്മൾ വാങ്ങുന്ന സമയത്ത് തന്നെ ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കയ്പ്പില്ലാത്ത രുചിയുള്ള കുക്കുമ്പർ തന്നെ നമുക്ക് സ്വന്തമാക്കാം.




