കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ റെയിൽവേ സ്റ്റേഷന് സമീപത്തെ ഇടവഴിയിൽ മാലിന്യങ്ങൾക്കിടയിൽ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. റെയിൽവേ സ്റ്റേഷന്റെ നാലാം നമ്പർ പ്ലാറ്റ്ഫോമിന് സമീപത്തുനിന്ന് വലിയങ്ങാടി ഭാഗത്തേക്ക് പോകുന്ന ഇടവഴിയിലാണ് തലയോട്ടി കണ്ടെത്തിയത്. രാവിലെ ഇതുവഴി കടന്നുപോയ യാത്രക്കാരനാണ് തലയോട്ടി കണ്ടത്. തുടർന്ന് ഇയാൾ ടൗൺ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്. ഇവിടെ പതിവായി വലിയ തോതിൽ മാലിന്യം തള്ളാറുണ്ടെന്നാണ് വിവരം. മാലിന്യക്കൂമ്പാരത്തിൽ നിന്നാകാം തലയോട്ടി റോഡരികിലേക്ക് വീണതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ടൗൺ പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതശരീരത്തിന്റെ മറ്റ് ഭാഗങ്ങളോ അവശിഷ്ടങ്ങളോ പ്രദേശത്ത് ഉണ്ടോയെന്ന് കണ്ടെത്താൻ കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ വ്യാപകമായി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തലയോട്ടിക്ക് ഏകദേശം ഒന്നോ രണ്ടോ വർഷം പഴക്കമുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.
തലയോട്ടി ആരുടേതാണെന്നും സ്ത്രീയുടേതാണോ പുരുഷന്റേതാണെന്നും തിരിച്ചറിയുന്നതിനായി ഫോറൻസിക്, ഡിഎൻഎ പരിശോധനകൾ നടത്തും. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പൊലീസ് തുടർനടപടികൾ ആരംഭിച്ചു.












