തിരുവനന്തപുരം: വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യാക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയും സഹപ്രവര്‍ത്തകനുമായ സുകാന്തിനെ(31) പോലീസ് കസ്റ്റഡിയില്‍വാങ്ങി. തെളിവെടുപ്പിനായി ഇയാളെ പോലീസ് രാജസ്ഥാനിലേക്കു കൊണ്ടുപോയി.
പത്തുദിവസത്തേക്കാണ് പ്രതിയെ പേട്ട പോലീസിന്റെ കസ്റ്റഡിയില്‍വിട്ടത്. ഇയാളെ രാജസ്ഥാനിലെ ജോധ്പുരിലും ഉദയ്പുരിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും. ജോധ്പുരിലെ പരിശീലന കാലയളവിലാണ് ഐബി ഉദ്യോഗസ്ഥയുമായി സുകാന്ത് പരിചയപ്പെടുന്നത്. യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചത് ഉദയ്പുരില്‍വെച്ചായിരുന്നുവെന്നാണ് പോലീസ് നിഗമനം.
സുകാന്തിനെ ചെന്നൈയിലും അവിടെനിന്ന് കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിച്ചും തെളിവെടുപ്പ് നടത്തും. ഈ സ്ഥലങ്ങളില്‍വെച്ചും സുകാന്ത് യുവതിയെ പീഡിപ്പിച്ചിരുന്നു. ഐബി ഉദ്യോഗസ്ഥയോടു ബന്ധമുള്ളപ്പോള്‍ത്തന്നെ എമിഗ്രേഷന്‍ അസിസ്റ്റന്റായ മറ്റൊരു യുവതിയുമായും സുകാന്തിനു ബന്ധമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
വിവാഹം വാഗ്ദാനം നല്‍കി ഇവരെയും പീഡിപ്പിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മാര്‍ച്ച് 24-നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയില്‍വേ ട്രാക്കില്‍ പത്തനംതിട്ട സ്വദേശിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ സഹപ്രവര്‍ത്തകനായ സുകാന്തിന്റെ പീഡനമാണ് ആത്മഹത്യയ്ക്കു പിന്നിലെന്നുകാട്ടി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതിനല്‍കുകയായിരുന്നു.




