തിരുവനന്തപുരം: കേരളതീരത്ത് കപ്പല്‍ മുങ്ങിയ പശ്ചാത്തലത്തില്‍ കടല്‍ മത്സ്യം കഴിക്കരുതെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് മന്ത്രി സജി ചെറിയാന്‍. വിഷാംശമുള്ള മാലിന്യങ്ങളാണ് കടല്‍ത്തീരത്ത് അടിഞ്ഞതെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാൽ മത്സ്യം കഴിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.
അപകടകരമായ സാഹചര്യം ഇതുവരെ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാജ പ്രചാരണം എക്സ്പോര്‍ട്ടിങ് സ്ഥാപനങ്ങളെ ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു. തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി തീരഭാഗങ്ങളില്‍ നിന്നുള്ള മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്കപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ കേന്ദ്രവുമായി കൂടിയാലോചിച്ച് നടപടിയെടുക്കും. നിലവിലെ ഭീതി ഒഴിവാക്കുന്നതിനായി ക്യാംപയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.






