ഇടുക്കി: അണക്കരയ്ക്കു സമീപം ഗ്യാസ് ഏജൻസി ജീവനക്കാരനെ തൂണിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ പ്രതികളെ പൊലീസ് റിമാൻഡ് ചെയ്തു. മേൽവാഴവീടു പ്രദേശത്താണ് ബുധനാഴ്ച വൈകിട്ട് സംഭവം നടന്നത്.
വെള്ളാരംകുന്നിലുള്ള ഭാരത് ഗ്യാസ് ഏജൻസിയിലെ ജീവനക്കാരനായ തങ്കമണി സ്വദേശി ജിസ് മോൻ സണ്ണിയെ പ്ലാസ്റ്റിക് കയറുകൊണ്ട് തൂണിൽ കെട്ടി ക്രൂരമായി മർദിച്ചതായാണ് പരാതി. ഒപ്പം ഉണ്ടായിരുന്ന കുമളി പത്തുമുറി സ്വദേശിനി പ്രതീക്ഷയെയും സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു.
സംഭവ വിവരം അറിഞ്ഞ നാട്ടുകാർ ആദ്യം വണ്ടൻമേട് പൊലീസിനെ വിവരം അറിയിക്കുകയും അവർ സ്ഥലത്തെത്തി ജിസ് മോനെ മോചിപ്പിക്കുകയും ചെയ്തു. തുടർന്ന് കുമളി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെയോടെ പ്രതികളായ മേൽവാഴ സ്വദേശികൾ പാൽപ്പാണ്ടിയും മകൻ അശോകനും വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനുശേഷം ഇവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
പാല്പാണ്ടിയുടെയും മകന്റെയും നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് വ്യാപകമായി ഗാർഹിക ഗ്യാസ് കരിഞ്ചന്തയിൽ വിൽപന നടത്തിവരികയായിരുന്നു. അതേസമയം, അതിഥി തൊഴിലാളികളുടെ അപേക്ഷയെ തുടർന്ന് കട്ടപ്പന ഭാരത് ഗ്യാസ് ഏജൻസിയിൽ നിന്ന് പുതിയ കണക്ഷൻ നൽകാനെത്തിയതാണ് ജിസ് മോനും പ്രതീക്ഷയും. ഇതാണ് സംഘർഷത്തിലേക്ക് കാരണമായത്.
സംഭവത്തിനിടെ, ജിസ് മോനിന്റെയും പ്രതീക്ഷയുടെയും കൈവശമുണ്ടായിരുന്ന 42,000 രൂപയും ഒന്നര പവൻ സ്വർണ മാലയും ആക്രമികൾ കവർന്നെടുത്തു എന്ന് ഇരകൾ പൊലീസിനോട് മൊഴി നൽകി. മർദനത്തിൽ പരിക്കേറ്റ ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയുണ്ടായി.






