മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനും ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്‍ ടെസ്റ്റ് ടീമിനെ നയിക്കുമ്പോൾ സഞ്ജു സാംസണെ ഏകദിന ടീമിൽ നിന്ന് തഴഞ്ഞു. ഗുവാഹത്തിയില്‍ ചേര്‍ന്ന ബിസിസിഐ സീനിയര്‍ സെലക്ഷന് കമ്മിറ്റി യോഗമാണ് ടീമുകളെ പ്രഖ്യാപിച്ചത്. റിഷഭ് പന്തിന് പകരം കെ എല്‍ രാഹുലാണ് ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍. ടെസ്റ്റ് ടീമില്‍ നിന്ന് പേസര്‍ മുഹമ്മദ് ഷമിയെ വീണ്ടും ഒഴിവാക്കി. ജസ്പ്രീത് ബുമ്രയ്ക്ക് ഇരു ടീമിലും വിശ്രമം അനുവദിച്ചു. ബുമ്ര ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ കളിക്കും. രോഹിത് ശർമ്മയും വിരാട് കോലിയും ഏകദിന ടീമിൽ ഇടംപിടിച്ചു.
അതേസമയം, ഏകദിന സ്ക്വാഡിന്റെ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. റിഷഭ് പന്തിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ തഴഞ്ഞപ്പോള്‍ കെ എല്‍ രാഹുലിന് പുറമെ ഇഷാന് കിഷനാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍.






