മുംബൈ: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളില്‍ നിന്നും വിരമിച്ച് ഇന്ത്യൻ താരം അജിൻക്യ രഹാനെ. വിഡിയോ സന്ദേശത്തിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കുവേണ്ടി 85 ടെസ്റ്റ്ക്രി മത്സരങ്ങളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും കളിച്ച 38-കാരനായ രഹാനെ ഈവര്‍ഷം നടന്ന ഐപിഎലിലാണ് അവസാനമായി കളിച്ചത്. അടുത്തിടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും, അതിനി പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞ് 17 വര്‍ഷം നീണ്ടുനിന്ന തന്റെ കരിയറിന് ഒടുവില്‍ അദ്ദേഹം തിരശ്ശീലയിടുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി 31 പന്തില്‍ 69 റണ്‍സ് അടിച്ചെടുത്താണ് രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം ഡര്‍ഹാമില്‍ നടന്ന ഏകദിനത്തിലും 44 പന്തില്‍ 40 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ടെസ്റ്റിൽ 12 സെഞ്ചറികളും 26 അർധ സെഞ്ചറികളും സ്വന്തമാക്കി. ഏകദിനത്തിൽ മൂന്ന് സെഞ്ചറികളും 24 അർധ സെഞ്ചറികളുമുണ്ട്.
2023 ജൂലൈയിൽ വെസ്റ്റിൻഡീനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം ഇന്ത്യൻ ജഴ്സിയിൽ അവസാനമായി കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമാണ്. 2020–21 ബോർഡർ ഗാവസ്കർ ട്രോഫിയിൽ പരുക്കിൽ വലഞ്ഞ ഇന്ത്യൻ ടീമിനേയും വെച്ച് ഓസ്ട്രേലിയൻ മണ്ണിൽ 2–1ന് ഐതിഹാസികമായി പരമ്പര സ്വന്തമാക്കിയ നായകൻ കൂടിയാണ് രഹാനെ.




