പൂനെ: ബിജെപിയിൽ ചേരാൻ ഭീഷണിയുണ്ടെന്ന് ആരോപിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ രംഗത്ത്. പാർട്ടിയിൽ ചേരാത്തപക്ഷം കുടുംബത്തെ അപായപ്പെടുത്തുമെന്ന തരത്തിലുള്ള ഭീഷണി ലഭിച്ചതായാണ് അഭിജീത് ആരോപിച്ചത്. പൂനെയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുമകന്റെ പ്രായമുള്ള തന്നെ പ്രധാനമന്ത്രിയും സംഘവും ഇത്തരത്തിൽ ഭീഷണിപ്പെടുത്തുന്നത് ശരിയാണോയെന്ന് അഭിജീത് ദീപ്‌കെ ചോദിച്ചു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമാധാനപരമായി സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ പൊലീസ് മാരകായുധങ്ങൾ ഉപയോഗിച്ചെന്നും സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചെന്നും അഭിജീത് ആരോപിച്ചു. പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ തെരഞ്ഞെടുപ്പും അദ്ദേഹത്തിന്റെ നിലപാടുകളും രാജ്യത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഭിജീത് ദീപ്‌കെയ്ക്ക് ഭീഷണിയുണ്ടെന്ന് അദ്ദേഹത്തിന്റെ പിതാവ് ഭഗവാന്റാവു ദീപ്‌കെ നേരത്തെ ആരോപിച്ചിരുന്നു. ബിജെപിയിൽ ചേരാത്തപക്ഷം ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന തരത്തിലുള്ള ഭീഷണിയാണ് ലഭിച്ചതെന്നാണ് പിതാവിന്റെ ആരോപണം.
മെയ് പകുതിയോടെ യൂട്യൂബിൽ പ്രചരിച്ച ഒരു റീലിലൂടെയാണ് ഭീഷണി ശ്രദ്ധയിൽപ്പെട്ടതെന്നും, അഭിജീത് ബിജെപിയിൽ അംഗമാകാത്തപക്ഷം മാതാപിതാക്കളെ ലക്ഷ്യമിടുമെന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു.
ഡൽഹിയിൽ ആഴ്ചകളായി നടന്ന പ്രതിഷേധങ്ങൾക്ക് ശേഷം ബുധനാഴ്ചയാണ് അഭിജീത് ദീപ്‌കെ പൂനെയിലെത്തിയത്. കുടുംബവും അടുത്തവരും ചേർന്ന് ലളിതമായ സ്വീകരണമാണ് അദ്ദേഹത്തിന് ഒരുക്കിയത്.




