ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി സുധാകരനുമായി അനുനയ ശ്രമത്തിനൊരുങ്ങി സിപിഎം നേതൃത്വം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി സത്യപാലൻ എന്നിവർ ജി സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ഒപ്പം, സിപിഎം നടത്തുന്ന പരിപാടിയിലേക്ക് സുധാകരനെ ക്ഷണിക്കുകയും ചെയ്തു.
വി എസ് അച്യുതാനന്ദൻ സ്മാരക കേരള പുരസ്കാരം വിതരണ ചടങ്ങിലേക്കാണ് ക്ഷണം. കുട്ടനാട്ടിൽ ഞായറാഴ്ചയാണ് പരിപാടി നടക്കുന്നത്. പരിപാടിയിൽ എംഎ ബേബി, എംവി ഗോവിന്ദൻ, സജി ചെറിയാൻ എന്നിവർ പങ്കെടുക്കും. സിപിഎം നേതൃത്വത്തിനെതിരെ ജി സുധാകരൻ പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണ് അനുനയ നീക്കം നടത്തുന്നത്. ജി സുധാകരനെതിരെ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന കർശന നിർദേശവും നേതാക്കൾക്ക് നൽകിയിട്ടുണ്ട്.






