വാഷിംഗ്ടൺ: പശ്ചിമേഷ്യയെ ആശങ്കയിൽ ആഴ്ത്തിയ ഇറാൻ–അമേരിക്ക സംഘർഷത്തിൽ താൽക്കാലിക വെടിനിർത്തൽ തുടരുന്നതിനിടെ നിർണായക വിവരങ്ങൾ പുറത്ത്. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കൻ സൈന്യത്തിന് വലിയ സാമ്പത്തികവും ആയുധവുമായ നഷ്ടമുണ്ടായതായി വാഷിംഗ്ടൺ ആസ്ഥാനമായുള്ള സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് റിപ്പോർട്ട് പറയുന്നു.
ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളും വെടിവെപ്പും മൂലം ഏകദേശം 2.3 മുതൽ 2.8 ബില്യൺ ഡോളർ വരെ മൂല്യമുള്ള സൈനിക ഉപകരണങ്ങൾ നശിച്ചതായി കണക്കാക്കുന്നു. യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ പുറത്തുവന്ന ആദ്യത്തെ സമഗ്ര നഷ്ടക്കണക്കാണിത്.
എന്നാൽ, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും നാവികസേനാ കപ്പലുകൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. അവയും ചേർത്താൽ യഥാർത്ഥ നഷ്ടം ഇതിലും ഏറെ കൂടുതലായിരിക്കാമെന്ന് ഗവേഷകർ സൂചിപ്പിക്കുന്നു.
അതേസമയം, അത്യാധുനിക ഡ്രോണുകളും കൃത്യതയാർന്ന മിസൈലുകളും ഉപയോഗിച്ചുള്ള ഇറാന്റെ ആക്രമണം അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നതായും റിപ്പോർട്ട് വിലയിരുത്തുന്നു. യുദ്ധം നീണ്ടുപോയാൽ അമേരിക്കയുടെ സൈനിക ബജറ്റിനും കൂടുതൽ സമ്മർദ്ദമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.




