കൊച്ചി: എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ നടത്തണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. നേരത്തെ വിചാരണക്കോടതിയും രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
ഈ മാസം 15ന് കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് പ്രതികൾ രഹസ്യ വിചാരണ ആവശ്യപ്പെട്ടത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ആദ്യം ഹർജി നൽകിയത്. വിചാരണ അടച്ചിട്ട മുറിയിൽ നടത്തണമെന്നും കോടതി നടപടികളുടെ ദൃശ്യങ്ങൾ പകർത്തുന്നത് വിലക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു.
കുറ്റവിമുക്തരായാൽ വിചാരണയുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നത് ഭാവിജീവിതത്തെ ബാധിക്കുമെന്നായിരുന്നു പ്രതികളുടെ വാദം. മഹാരാജാസ് കോളേജ് വിദ്യാർഥികളെ കോടതി പരിസരത്ത് കൂട്ടം കൂടാൻ അനുവദിക്കരുതെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ രഹസ്യ വിചാരണ ആവശ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് രഹസ്യ വിചാരണ നടത്തേണ്ടതെന്നും അത്തരമൊരു സാഹചര്യം ചൂണ്ടിക്കാട്ടാൻ പ്രതികൾക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. സാക്ഷികളും പ്രതികളും തമ്മിൽ സംഘർഷമുണ്ടാകാതിരിക്കാൻ ആവശ്യമായ പൊലീസ് സുരക്ഷ ഒരുക്കാമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കോടതി പരിസരത്ത് അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നതിന് നിലവിൽ തന്നെ നിയന്ത്രണമുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസിലെ സാക്ഷികൾ പ്രതികളെ നേരിട്ട് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. കേസ് 70 തവണ പരിഗണിച്ചിട്ടും പ്രതികൾ മൂന്ന് തവണ മാത്രമാണ് കോടതിയിൽ ഹാജരായതെന്നും അധിക കുറ്റം വായിച്ച ദിവസം പ്രതികൾ മുഖംമൂടി ധരിച്ചാണ് എത്തിയതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
വിശദമായ വാദം കേട്ട ശേഷമാണ് വിചാരണക്കോടതി രഹസ്യ വിചാരണ ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയത്. ഇതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടത്. ചുവരെഴുത്തുമായി ബന്ധപ്പെട്ട എസ്എഫ്ഐ-ക്യാമ്പസ് ഫ്രണ്ട് തർക്കത്തിനിടെയാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേദിവസമായിരുന്നു സംഭവം.
കേസിൽ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 16 പേരെയാണ് പ്രതി ചേർത്തത്. കൊലപാതകം, വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രത്യേക അന്വേഷണ സംഘം പ്രതികൾക്കെതിരെ ചുമത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സഹൽ ഹംസയാണ് കേസിലെ പ്രധാന പ്രതിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പ്രധാന പ്രതിയെ പിടികൂടുന്നതുമായി ബന്ധപ്പെട്ടും കേസിലെ രേഖകൾ കാണാതായതുമായി ബന്ധപ്പെട്ടും നേരത്തെ വിവാദങ്ങൾ ഉയർന്നിരുന്നു. എട്ട് വർഷത്തോളം വിചാരണ നീണ്ടുപോയതിലും വിമർശനങ്ങളുണ്ടായിരുന്നു. ജൂലൈ 15ന് വിചാരണ ആരംഭിക്കുന്നതോടെ കേസിൽ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.


