ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ‘സിഗ്മ’ തിയറ്ററുകളിലേക്ക്. നിർമാണ കമ്പനിയായ ലൈക്ക പ്രഡക്ഷൻസ് ആണ് റിലീസ് തിയതി പുറത്തുവിട്ടത്. ചിത്രം ജൂലൈ 31ന് ലോകമെമ്പാടും റിലീസ് ചെയ്യും.
സുന്ദീപ് കിഷൻ ആണ് ചിത്രത്തിലെ നായകൻ. 2023ലാണ് ലൈക്ക പ്രൊഡക്ഷൻസ് ചിത്രം അനൗൺസ് ചെയ്യുന്നത്. ഏകദേശം മൂന്ന് വർഷത്തോളമെടുത്താണ് ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ആക്ഷൻ, കോമഡി, ഡ്രാമ എന്നിവയ്ക്ക് പ്രാധാന്യമുള്ള ഒരു ത്രില്ലറാണ് സിഗ്മ എന്നാണ് റിപ്പോർട്ടുകൾ. കുറ്റകൃത്യങ്ങളും നിധി വേട്ടയും പ്രമേയമാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നാല് മാസത്തിനിടെ 65 ദിവസങ്ങൾ കൊണ്ടാണ് പൂർത്തിയാക്കിയത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് (Netflix) ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി.






