പാലക്കാട്: മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ പബ്ലിക് പോളിസി വിഷയത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പാലക്കാടിന്റെ അഭിമാനമായി ജിഷ്ണു ജീവാനന്ദൻ. ചെന്നൈയിൽ നടന്ന സർവ്വകലാശാലാ ബിരുദദാന ചടങ്ങിൽ തമിഴ്നാട് ഗവർണർ ആർ.എൻ. രവിയിൽ നിന്ന് ജിഷ്ണു അവാർഡ് ഏറ്റുവാങ്ങി.
തമിഴ്നാട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പി. ശങ്കർ, ബ്രമോസ് എയ്റോസ്പേസിന്റെ മുൻ സി.ഇ.ഒ-യും എം.ഡിയുമായ പ്രമുഖ ശാസ്ത്രജ്ഞൻ എ. ശിവത്താനു പിള്ള, മദ്രാസ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. റിതാ ജോൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലെ ജിഷ്ണുവിന്റെ ഈ നേട്ടം മാത്തൂർ ഗ്രാമത്തിനും ആവേശമായി.
മാത്തൂർ ചുങ്കമന്ദം ഗൗരിവന്ദനത്തിൽ ജീവാനന്ദൻ – വിജി ദമ്പതികളുടെ മകനാണ് ജിഷ്ണു. പബ്ലിക് പോളിസി മേഖലയിലെ ഉന്നത പഠനത്തിന് ശേഷം സിവിൽ സർവീസ് ലക്ഷ്യമിട്ടാണ് ജിഷ്ണുവിന്റെ മുന്നോട്ടുള്ള യാത്ര. മികച്ച വിജയം കൈവരിച്ച ജിഷ്ണുവിനെ നാട്ടിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ അഭിനന്ദിച്ചു.






