കൊച്ചി: കാക്കനാട്ട് സ്വകാര്യ ബസിടിച്ച് ഐടി ജീവനക്കാരിയായ അക്ഷര (29) മരിച്ച സംഭവത്തിൽ സർക്കാർ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി.
കോഴിക്കോട് സ്വദേശിയായ ഒരു പൊതുപ്രവർത്തകനാണ് കമ്മീഷന് പരാതി നൽകിയത്. അപകടത്തിന് കാരണമായ സാഹചര്യങ്ങളിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്ക് വീഴ്ചയുണ്ടായെന്നാണ് പരാതിയിലെ ആരോപണം.
നടപ്പാതകൾ കൃത്യമായി നിർമ്മിക്കുന്നതിൽ പൊതുമരാമത്ത് വകുപ്പിന് വീഴ്ചയുണ്ടായെന്നും സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കുന്നതിൽ മോട്ടോർ വാഹന വകുപ്പ് വേണ്ടത്ര നടപടി സ്വീകരിച്ചില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ഉത്തരവാദികളായ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും വീഴ്ച പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.


