തൃശ്ശൂർ: കാലടി സർവകലാശാലയിലെ 16 വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി വൈസ് ചാൻസലർ സിസ തോമസ്. ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് അപ്പീലിലെ ആവശ്യം.
വിസിയെ കയ്യേറ്റം ചെയ്തെന്ന ആരോപണത്തെത്തുടർന്ന് എസ്എഫ്ഐ പ്രവർത്തകരായ 16 വിദ്യാർത്ഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നു. ഈ നടപടി റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
സസ്പെൻഷനിലായ വിദ്യാർത്ഥികൾക്കായി ആറാഴ്ചയ്ക്കുള്ളിൽ പ്രത്യേക പരീക്ഷ നടത്തണമെന്നും കോടതി നിർദേശിച്ചിരുന്നു. സർവകലാശാല നിയോഗിച്ച അച്ചടക്ക സമിതിയുടെ റിപ്പോർട്ട് ഏകപക്ഷീയമാണെന്നും കോടതി നിരീക്ഷിച്ചു.
ക്ഷമിക്കുന്നത് ഒരാളുടെയും മഹത്വം കുറയ്ക്കില്ലെന്നും മറിച്ച് അന്തസ്സ് ഉയർത്തുകയാണ് ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവിനെതിരെ വൈസ് ചാൻസലർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.


