കോട്ടയം: കാഞ്ഞിരപ്പള്ളി ആനക്കല്ല്,കോമൺസ് ക്ലബ് റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായി. കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ ആനക്കല്ലിൽനിന്ന് കാഞ്ഞിരപ്പള്ളി പട്ടണത്തിൽ പ്രവേശിക്കാതെ ദേശീയപാത കുരിശുങ്കല്ലിലോ സുഖോദയാ റോഡിലൂടെ കുന്നുംഭാഗത്തും പ്രവേശിക്കാൻ കഴിയുന്ന റോഡാണിത്. ഈ റോഡിന്റെ ഒന്നര കിലോമീറ്ററോളം ഭാഗമാണ് തകർന്നുകിടക്കുന്നത്.
റോഡിലെ ടാറിങ് തകർന്ന് പൂർണമായും ഗതാഗതയോഗ്യമല്ലാതായ നിലയിലാണ്. പല ഭാഗങ്ങളിൽ ടാറിങ് പൂർണമായും തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടനിലയിലാണ്. മഴക്കാലത്ത് വെള്ളക്കെട്ടുകളാൽ നിറഞ്ഞുകിടക്കുന്ന ഈ റോഡിൽ വേനലായതോടെ പൊടിശല്യവും രൂക്ഷമാണ്. നാളുകളായി തകർന്നുകിടക്കുന്ന ഈ റോഡ് നൂറുകണക്കിനുള്ള പ്രദേശവാസികളും ഉപയോഗിക്കുന്നതാണ്.
ഇവിടെ രണ്ട് സ്‌കൂളുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്കും പോകുന്നതിനായി ഉപയോഗിക്കുന്ന റോഡുകൂടിയാണിത്. മുൻപ് നാട്ടുകാരുടെ സഹകരണത്തോടെ റോഡിന് വീതികൂട്ടാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലച്ചു.
ചിലയിടങ്ങളിൽ സ്ഥലം റോഡിന്റെ പലഭാഗങ്ങളിലും വീതികൂടിയിട്ടുണ്ടെങ്കിലുംആനക്കല്ല്-എറികാട് റോഡിൽനിന്നും പ്രവേശിക്കുന്ന ഭാഗത്തും തമ്പലക്കാട് റോഡിൽനിന്ന് പ്രവേശിക്കുന്ന ഭാഗത്തും റോഡിന്റെ മറ്റ് ചില ഭാഗങ്ങളിലും വീതി കൂടിയിട്ടില്ല.




