കണ്ണൂർ: 10 വർഷം മുമ്പ് കാണാതായ മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അച്ഛൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. കുറ്റ്യാട്ടൂർ സ്വദേശി മുഹമ്മദലിയാണ് പരാതി നൽകിയത്.
2016 സെപ്റ്റംബർ 18നാണ് മുഹമ്മദലിയുടെ മകൾ ഹസ്റത്ത് വീട്ടിൽനിന്ന് പുറത്തുപോയത്. കണ്ണൂർ കോട്ട കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് 19കാരിയായ ഹസ്റത്ത് വീട്ടിൽനിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ല.
സംഭവത്തിൽ മുഹമ്മദലി മയ്യിൽ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ഹസ്റത്തിനെ കണ്ടെത്താനായിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കും പരാതി നൽകിയിരുന്നുവെന്നും മുഹമ്മദലി പറയുന്നു.
10 വർഷം കഴിഞ്ഞിട്ടും അന്വേഷണം ഫലം കാണാത്ത സാഹചര്യത്തിലാണ് മുഹമ്മദലി വീണ്ടും ആഭ്യന്തരമന്ത്രിയെ സമീപിച്ചത്. അന്വേഷണം ഊർജിതമാക്കി മകളെ എത്രയും വേഗം കണ്ടെത്തണമെന്നാണ് പരാതിയിലെ ആവശ്യം. മകൾ ജീവിച്ചിരിപ്പുണ്ടെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും എങ്ങനെയും മകളെ കണ്ടെത്തി നൽകണമെന്നും മുഹമ്മദലി ആവശ്യപ്പെട്ടു.













