കോഴിക്കോട്: പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി ആരോപണം. വോട്ട് ചെയ്യാനെത്തിയ വിദ്യാർഥികളെ അധ്യാപിക ഇടപെട്ട് സ്വാധീനിച്ചെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സ്കൂൾ അധികൃതരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു.
തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വോട്ട് ചെയ്യാനെത്തിയ വിദ്യാർഥിയെ മറ്റ് സംഘടനകൾക്ക് വോട്ട് ചെയ്യാൻ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. എന്നാൽ പൊലീസ് ഇടപെട്ട് പ്രതിഷേധം അവസാനിപ്പിച്ചു.
സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം. പ്രവർത്തിദിവസമായ ചൊവ്വാഴ്ച മുതൽ സമരം സംഘടിപ്പിക്കുമെന്നും അന്നേദിവസം ബഹുജന മാർച്ച് നടത്തുമെന്നും എസ്എഫ്ഐ അറിയിച്ചു.
തെരഞ്ഞെടുപ്പ് ഫലം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്ന സാഹചര്യത്തിൽ ഫലപ്രഖ്യാപനം നടത്താതെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യം. അതേസമയം, തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കണമെന്നാണ് വലതുപക്ഷ സംഘടനകളുടെ ആവശ്യം.



