ആലപ്പുഴ:യുഡിഎഫ് നേടിയ വമ്പൻ വിജയത്തിന് പിന്നിൽ മുന്നണിയുടെ കൂട്ടായ പ്രവർത്തനമാണെന്ന് വെള്ളാപ്പള്ളി നടേശൻ. രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ, വി.ഡി സതീശൻ എന്നിവർ ഒറ്റക്കെട്ടായി പ്രവർത്തിച്ചതാണ് വിജയത്തിന് ആധാരമായത്. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിലും നയപരമായ നീക്കങ്ങളിലും കെ.സി വേണുഗോപാൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. സാമ്പത്തികമായും ബുദ്ധിപരമായും അദ്ദേഹം നടത്തിയ ആത്മാർത്ഥമായ പരിശ്രമങ്ങൾ വിജയത്തിൽ നിർണ്ണായകമായെന്നും, വേണുഗോപാലാണ് ഈ വിജയത്തിന്റെ പ്രധാന ശിൽപിയെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാവായ രമേശ് ചെന്നിത്തല എപ്പോഴും അവഗണിക്കപ്പെടുന്ന ഒരു ‘ഭാഗ്യദോഷി’യാണെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പദവിക്കായി പരിഗണിക്കപ്പെട്ടിട്ടും അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കിയത് ശരിയായില്ല. ചെന്നിത്തലയുടെ അനുഭവസമ്പത്തിനുള്ള പരിഗണന നൽകണമായിരുന്നുവെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള മെയ്‌വഴക്കം അദ്ദേഹത്തിനുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. പുതിയ ഭരണസംവിധാനം എത്രനാൾ യോജിപ്പോടെ മുന്നോട്ട് പോകുമെന്ന് കണ്ടറിയണം. കേരളത്തിലെ രാഷ്ട്രീയ സുനാമിയിൽ യുഡിഎഫ് വിജയം കണ്ടുവെന്നും താൻ കാരണമാണ് എൽഡിഎഫ് തോറ്റതെന്ന ആരോപണം മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സർക്കാരിൽ മുസ്ലിം ലീഗിന് പ്രാതിനിധ്യം കൂടുതലുണ്ടാകുമെന്നും ഒരു സമ്മർദ്ദ ഗ്രൂപ്പായി നിന്ന് അവർ കാര്യങ്ങൾ നേടിയെടുക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട വി.ഡി സതീശൻ സാമൂഹിക നീതിയിലധിഷ്ഠിതമായ ഭരണം നടത്തട്ടെയെന്നും അദ്ദേഹം ആശംസിച്ചു.






