തൃശ്ശൂർ: കൃഷിവകുപ്പും ലോകബാങ്കും ചേർന്ന് നടപ്പിലാക്കുന്ന ‘കേര’ പദ്ധതിയുടെ ഭാഗമായി കർഷകർക്ക് സ്ഥിരമായ വിപണിയും ന്യായമായ വിലയും ഉറപ്പാക്കുന്നതിനായി ‘പ്രൊഡക്ടീവ് അലയൻസ്’ എന്ന പുതിയ പദ്ധതി ആരംഭിച്ചു.
ചെറുകിട കർഷകരെ ഒരുമിപ്പിക്കുന്ന ഫാർമർ പ്രൊഡ്യൂസർ കമ്പനികളെയും (എഫ്.പി.സി) കാർഷിക ഉൽപ്പന്നങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വാങ്ങുന്ന ബിസിനസ് പങ്കാളികളെയും (എ.ബി.പി) ബന്ധിപ്പിച്ച് വലിയ വിപണി ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങളെ രാജ്യാന്തര വിപണിയിലെത്തിക്കാനും പദ്ധതി സഹായിക്കും.
പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള ഒമ്പത് ജില്ലകളിൽ 100 പ്രൊഡക്ടീവ് അലയൻസുകൾ രൂപീകരിക്കാനാണ് ആദ്യഘട്ട ലക്ഷ്യം. അടുത്ത രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 150 അലയൻസുകൾ ആരംഭിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്.
ഫാർമർ പ്രൊഡ്യൂസർ കമ്പനികളും കാർഷിക വ്യാപാര സ്ഥാപനങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ഉൽപ്പാദനത്തിനും ബിസിനസ് വികസനത്തിനുമായി ചെലവിന്റെ 60 ശതമാനം വരെ ഗ്രാന്റായി നൽകും. ഒരു അലയൻസിന് പരമാവധി രണ്ടു കോടി രൂപ വരെ സഹായം ലഭിക്കും. കൂടാതെ മൂന്ന് വർഷത്തെ സാങ്കേതിക സഹായവും നൽകും.
കുറഞ്ഞത് പത്ത് കോടി രൂപ വാർഷിക വരുമാനമുള്ള കാർഷിക-വാണിജ്യ സ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റ് ശൃംഖലകൾ, കയറ്റുമതിക്കാർ, ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ എന്നിവർക്കും അപേക്ഷിക്കാം. കൂടാതെ, 200 അംഗങ്ങളും പത്ത് ലക്ഷം രൂപ വാർഷിക വരുമാനവുമുള്ള ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കും പദ്ധതിയിൽ പങ്കെടുക്കാം. അപേക്ഷകൾ സമർപ്പിക്കാൻ കേര പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് ‘കേര’യുടെ തൃശ്ശൂർ റീജിയണൽ ഓഫീസിലോ 9037824056, 9037824026 എന്നീ നമ്പറുകളിലോ ബന്ധപ്പെടാമെന്ന് റീജിയണൽ പ്രോജക്ട് ഡയറക്ടർ അറിയിച്ചു.





