തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായ നിയമസഭാ കയ്യാങ്കളി കേസിൽ 11 വർഷത്തിന് ശേഷം വിചാരണ നടപടികൾ ആരംഭിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നവംബർ 3ന് വിചാരണ തുടങ്ങും. ആദ്യ ദിവസം കേസിലെ ഒന്നാം സാക്ഷിയും മുൻ നിയമസഭാ സെക്രട്ടറിയുമായ ശാരംഗധരനെ കോടതി വിസ്തരിക്കും. മുൻ എംഎൽഎമാരായ വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.
2015 മാർച്ച് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനിടെ നിയമസഭയ്ക്കുള്ളിൽ അക്രമം നടന്നെന്നാണ് കേസ്. സ്പീക്കറുടെ വേദിയിൽ അതിക്രമിച്ച് കയറി കസേര, കമ്പ്യൂട്ടറുകൾ, മൈക്ക്, ഇലക്ട്രോണിക് പാനലുകൾ എന്നിവ തകർത്തതിലൂടെ 2,20,093 രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് പൊലീസ് കേസ്.
കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഹർജികൾ തള്ളുകയായിരുന്നു. തുടർന്ന് 2021 ജൂലൈയിൽ സുപ്രീംകോടതിയും കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപ്പീൽ തള്ളി.
കേസിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ പുതിയ വിവരങ്ങൾ കണ്ടെത്താത്തതിനാൽ നേരത്തെ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാകും ഇനി വിചാരണ നടപടികൾ തുടരുക.




