കൊച്ചി: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. രണ്ട് ദിവസം ശമ്പളത്തോടുകൂടിയ ആർത്തവ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കണ്ടക്ടർമാർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദേശം. ഹർജിക്കാരുടെയും കെഎസ്ആർടിസിയുടെയും അഭിപ്രായം കേട്ട ശേഷം തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.
വനിതാ കണ്ടക്ടർമാരായ എസ്എസ് ആശ, എസ്. ശ്രീന, എം. സജല എന്നിവരാണ് ഹർജി നൽകിയത്. കെഎസ്ആർടിസിയിൽ ഏകദേശം മൂവായിരത്തോളം വനിതാ കണ്ടക്ടർമാർ ജോലി ചെയ്യുന്നുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്.
ബിഹാർ, ഒഡിഷ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി അനുവദിക്കുന്നുണ്ടെന്നും കേരളത്തിലെ സർവകലാശാലകളിൽ വിദ്യാർഥിനികൾക്കും ആർത്തവ അവധി നൽകുന്നുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ആർത്തവ സമയത്തെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ജീവനക്കാരുടെ ജോലിയെ ബാധിക്കാമെന്ന് കോടതി നിരീക്ഷിച്ചു. ദീർഘനേരം നിൽന്ന് ജോലി ചെയ്യേണ്ട സാഹചര്യമുള്ള കെഎസ്ആർടിസി കണ്ടക്ടർമാർക്ക് ഈ ബുദ്ധിമുട്ടുകൾ കൂടുതൽ അനുഭവപ്പെടാമെന്നും കോടതി പറഞ്ഞു.
വനിതാ കണ്ടക്ടർമാർക്ക് പ്രതിദിനം എട്ട് മുതൽ പതിനാറ് മണിക്കൂർ വരെ ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യവും തിരക്കേറിയ ബസുകളിൽ ജോലി ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടുകളും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വൃത്തിയുള്ള വിശ്രമ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരിമിതികളുണ്ടെന്ന് കോടതി വിലയിരുത്തി. സ്ത്രീ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും മാനുഷികമായ തൊഴിൽ സാഹചര്യം ഒരുക്കുന്നതിനും അനുയോജ്യമായ ആർത്തവ അവധി നയം സർക്കാർ രൂപീകരിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.




