മിനാ:ഹജ്ജ് തീർഥാടനത്തിന് മുന്നോടിയായി മിനായിൽ തീർഥാടകർക്കായി ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ സജ്ജമാക്കി കിദാന ഡെവലപ്‌മെന്റ് കമ്പനി. തീർഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താമസം ഉറപ്പാക്കുന്നതിനായി 3.5 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 45,000 ആധുനിക കൂടാരങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
യാത്ര സുഗമമാക്കുന്നതിനായി 74 എസ്കലേറ്ററുകളും 340 പുതിയ ഗോവണികളും സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ 682 സിസിടിവി ക്യാമറകൾ സ്ഥാപിച്ചതിനൊപ്പം, കടുത്ത ചൂടിനെ പ്രതിരോധിക്കാൻ കൂടാരങ്ങളിൽ എയർ കണ്ടീഷണറുകളും പരിസരങ്ങളിൽ 6000 മിസ്റ്റ് സ്പ്രേ തൂണുകളും ഒരുക്കി. ശുദ്ധജല വിതരണത്തിനായി മണിക്കൂറിൽ 1500 ഘനമീറ്റർ ശേഷിയുള്ള അഞ്ച് വാട്ടർ പ്ലാന്റുകളും 25,000 ടാപ്പുകളും സജ്ജമാണ്.
ശുചിത്വ പരിപാലനത്തിനായി 3400 ശൗചാലയ ബ്ലോക്കുകളും 212 മൊബൈൽ യൂണിറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. 2500 ശുചീകരണ തൊഴിലാളികളെയും അടിയന്തര അറ്റകുറ്റപ്പണികൾക്കായി 3000 സാങ്കേതിക വിദഗ്ധരെയും 195 ഫീൽഡ് സെന്ററുകളിലായി മുഴുവൻ സമയവും ലഭ്യമാക്കിയിട്ടുണ്ട്. പരിസരങ്ങളിൽ 74,000 ലൈറ്റുകൾ സ്ഥാപിച്ച് രാത്രികാല സഞ്ചാരവും സുരക്ഷിതമാക്കിയിരിക്കുകയാണ് അധികൃതർ.




