ന്യൂഡൽഹി: അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറക്കാൻ എയർ ഇന്ത്യ. മെയ് മുതൽ ജൂലൈ വരെയുള്ള കാലയളവിലെ സർവീസുകളാണ് കുറയ്ക്കുന്നത്. ഇന്ധനവില വർധനയും വിദേശ റൂട്ടുകളിൽ നഷ്ടവും ഈ തീരുമാനത്തിന് പ്രധാന കാരണങ്ങളാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലം ചില ആകാശപാതകൾ അടച്ചതും വിമാനങ്ങൾ ദീർഘദൂരമായി വഴിതിരിഞ്ഞ് യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടായതും ഇതിന് കാരണമായി.
എയർ ഇന്ത്യ സിഇഒ കാംബൈൽ വിൽസൺ ജീവനക്കാർക്ക് നൽകിയ സന്ദേശത്തിലാണ് ഇത് വ്യക്തമാക്കിയത്. നിലവിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. യാത്രക്കാരെ മുൻകൂട്ടി വിവരം അറിയിക്കുകയും ആവശ്യമായിടത്ത് റീബുക്കിംഗ് സൗകര്യം ഒരുക്കുകയും ചെയ്യും. സാഹചര്യം മെച്ചപ്പെട്ടാൽ സർവീസുകൾ വീണ്ടും പുനഃസ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു. യാത്രക്കാർ യാത്രയ്ക്കുമുമ്പ് വിവരങ്ങൾ പരിശോധിക്കണമെന്നും മാറ്റങ്ങൾ ഉണ്ടായാൽ എയർലൈൻസുമായി ബന്ധപ്പെടണമെന്നും നിർദേശം നൽകിയിട്ടുണ്ട്.




