കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ലോകകപ്പ് ഫുട്ബോൾ ആരാധകർ തമ്മിലുണ്ടായ തർക്കം മർദനത്തിൽ കലാശിച്ചതായി പരാതി. സംഭവത്തിൽ മുഹമ്മദ് ഷാനിസ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി.
‘വേൾഡ് കപ്പ് 2026’ എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ബ്രസീൽ, അർജന്റീന ആരാധകർ തമ്മിൽ തർക്കമുണ്ടായതായാണ് പരാതി. തുടർന്ന് രാത്രി പത്തരയോടെ അർജന്റീന ആരാധകരായ രണ്ടുപേർ ഷാനിസും സുഹൃത്തും താമസിക്കുന്ന വീട്ടിലെത്തി മർദിച്ചെന്നാണ് ആരോപണം.
ആക്രമണത്തിനിടെ വീടിന് മുന്നിലുണ്ടായിരുന്ന ബൈക്ക് തകർക്കുകയും വീടിന്റെ ജനൽ ചില്ലുകൾ നശിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.




