തിരുവനന്തപുരം: നേപ്പാളിലെ ലൊബുഞ്ചേ പർവതത്തിൽ ട്രക്കിങ്ങിനിടെ തിരുവല്ല മഞ്ഞാടി സ്വദേശിനിയായ സീന സാറ മജ്നു (41) കുടുങ്ങിയതായി കുടുംബം. പർവതത്തിൽനിന്ന് ഇറങ്ങിവരുന്നതിനിടെ വീണുപോയതായി സീന തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. സീനയെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
പർവതാരോഹണത്തിനിടെ അപകടത്തിൽപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. ലൊബുഞ്ചേ പർവതത്തിൽനിന്ന് ഇറങ്ങുന്നതിനിടെയാണ് സീന വീണുപോയതെന്ന് കുടുംബം പറയുന്നു. നിലവിൽ സീനയുടെ സുരക്ഷയും തുടർരക്ഷാപ്രവർത്തനങ്ങളുമാണ് ആശങ്കയാകുന്നത്.
സീനയെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനായി അടിയന്തര ഇടപെടൽ വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. നേപ്പാളിലെ ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ച് ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ കേന്ദ്രസർക്കാർ ഇടപെടണമെന്നാണ് ആവശ്യം.
സീനയുടെ നിലവിലെ ആരോഗ്യനില, കൃത്യമായ സ്ഥാനം, രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് കുടുംബം.


