തിരുവനന്തപുരം: തിരുവനന്തപുരം മൺവിളയിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൺവിള പോട്ടൂർ സ്വദേശി സുജിത്ത് (38) ആണ് മരിച്ചത്. സിഗരറ്റ് കത്തിച്ചപ്പോൾ തീപ്പെട്ടിക്കൊള്ളിയിൽനിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് ഉച്ചയ്ക്ക് 2.15ഓടെയാണ് സുജിത്ത് താമസിച്ചിരുന്ന ഇരുനില വീടിന് തീപിടിച്ചത്. വീടിന്റെ മുകളിലത്തെ നിലയിലാണ് സുജിത്തും ഭാര്യയും മകളും താമസിച്ചിരുന്നത്. താഴത്തെ നിലയിൽ അമ്മയും സഹോദരനുമായിരുന്നു ഉണ്ടായിരുന്നത്.
മുകളിലത്തെ നിലയിൽനിന്ന് താഴേക്ക് ഇറങ്ങാൻ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീപടർന്നതോടെ സുജിത്തിന് രക്ഷപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നാണ് വിവരം. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സുജിത്ത് ബാത്റൂമിൽ കയറി വാതിലടച്ചെന്നും അവിടെ കുടുങ്ങിപ്പോയെന്നുമാണ് ലഭിക്കുന്ന വിവരം. കഴക്കൂട്ടത്തുനിന്ന് എത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചതും സുജിത്തിനെ ആശുപത്രിയിൽ എത്തിച്ചതും. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. തീപ്പെട്ടിക്കൊള്ളിയിൽനിന്ന് തീ പടർന്ന് വീടിന്റെ ഒരു നില മുഴുവൻ കത്തിനശിച്ച സാഹചര്യത്തിലാണ് സംശയം ഉയരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.




