കൊച്ചി: കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഹൃദ്രോഗിക്ക് ചികിത്സ വൈകിയെന്ന പരാതിയിൽ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തുവിട്ടതിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയടക്കമുള്ളവർ വിമർശനവുമായി രംഗത്തെത്തി. പത്ത് രൂപയുടെ ചില്ലറ നോട്ടില്ലാത്തതിനാൽ ഹൃദ്രോഗിക്ക് മുക്കാൽ മണിക്കൂറോളം ചികിത്സ വൈകിയെന്നാണ് ആരോപണം.
പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിയ പെരുമ്പാവൂർ സ്വദേശി കരീമിനാണ് ദുരനുഭവം നേരിട്ടത്. യാത്രാമധ്യേ അസ്വസ്ഥത അനുഭവപ്പെട്ട കരീം പുലർച്ചെ 1.15ഓടെയാണ് കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിയത്. ഹൃദയവാൽവ് മാറ്റിവെച്ചിട്ടുള്ള കരീം അടിയന്തര ചികിത്സ പ്രതീക്ഷിച്ചാണ് ആശുപത്രിയിലെത്തിയത്. എന്നാൽ, പത്ത് രൂപ പണമായി നൽകാനില്ലാത്തതിനാൽ ഒ.പി. ചീട്ട് നൽകാൻ ജീവനക്കാരി തയ്യാറായില്ലെന്നാണ് പരാതി. ഓൺലൈൻ പണമിടപാട് സ്വീകരിക്കില്ലെന്നും പണമായി തന്നെ നൽകണമെന്നും ജീവനക്കാരി നിർബന്ധിച്ചതായും ആരോപണമുണ്ട്.
കൂടെ ഉണ്ടായിരുന്നയാൾ പുറത്തുപോയി പണം കൊണ്ടുവരുന്നതുവരെ ചീട്ട് നൽകണമെന്ന് അഭ്യർഥിച്ചെങ്കിലും ജീവനക്കാരി വഴങ്ങിയില്ലെന്നാണ് കരീം പറയുന്നത്. ഇതിനിടെ ജീവനക്കാരി പൊലീസിനെ വിളിച്ചു. എന്നാൽ, സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടു. ഏകദേശം 45 മിനിറ്റിനുശേഷം വിവരമറിഞ്ഞെത്തിയ ഡോക്ടർ കരീമിന് ചികിത്സ നൽകി. രക്തസമ്മർദം 280ന് മുകളിലെത്തിയതിനെത്തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ ജീവനക്കാരിയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. അതേസമയം, ജീവനക്കാരി മോശമായി പെരുമാറിയെന്നത് ശരിയാണെങ്കിലും ചികിത്സ വൈകിയിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ നിലപാട്. എന്നാൽ, ആശുപത്രി രജിസ്റ്ററിൽ ചികിത്സ ലഭ്യമാക്കിയ സമയം പുലർച്ചെ രണ്ടുമണിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പുലർച്ചെ 1.15ന് ആശുപത്രിയിലെത്തിയ തനിക്ക് ചികിത്സ വൈകിയിട്ടില്ലെന്ന് തെളിയിക്കാൻ ധൈര്യമുണ്ടെങ്കിൽ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവിടണമെന്നും കരീം ആവശ്യപ്പെട്ടു.



