കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചതിന് പിന്നാലെ നടപടി. എല്ലുപരിശോധനയിൽ പ്രായപരിധി ലംഘിച്ചതായി കണ്ടെത്തിയതോടെ സബ് ജൂനിയർ വിഭാഗം 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു. കോരുത്തോട് സ്കൂളിലെ താരമാണ് മെഡിക്കൽ കോളേജിൽ നടത്തിയ എല്ലുപരിശോധനയിൽ പരാജയപ്പെട്ടത്. താരത്തെ തുടർന്നുള്ള മത്സരങ്ങളിൽനിന്ന് അയോഗ്യനാക്കും.
പരിശോധനയിലാണ് ക്രമക്കേട് സ്ഥിരീകരിച്ചത്. 14 വയസ്സിന് താഴെയുള്ളവർ മത്സരിക്കുന്ന സബ് ജൂനിയർ വിഭാഗത്തിലാണ് താരം പങ്കെടുത്തത്. എന്നാൽ മെഡിക്കൽ റിപ്പോർട്ട് പ്രകാരം താരത്തിന് 15നും 18നും ഇടയിൽ പ്രായമുണ്ടെന്നാണ് കണ്ടെത്തൽ.
ഈ വർഷം ഉത്തർപ്രദേശിൽനിന്ന് കേരളത്തിലെത്തിയ താരമാണ് 100 മീറ്റർ, 400 മീറ്റർ, റിലേ ഇനങ്ങളിൽ മത്സരിച്ചത്. 400 മീറ്ററിൽ സ്വർണം നേടിയ താരം 100 മീറ്ററിന്റെ ഫൈനലിലേക്കും യോഗ്യത നേടിയിരുന്നു. പ്രായവുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നതിനെത്തുടർന്നാണ് പരിശോധന നടത്തിയത്.
താരത്തിന് രണ്ട് ആധാർ കാർഡുകളുണ്ടെന്ന ആരോപണവുമായി കോതമംഗലം മാർ ബേസിൽ, ഐഡിയൽ സ്കൂളുകളാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രായവുമായി ബന്ധപ്പെട്ട ക്രമക്കേട് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.
സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത് ആദ്യമായാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ നടപടി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് പരാതിക്കാരിയായ കോതമംഗലം മാർ ബേസിൽ സ്കൂൾ അധ്യാപിക ഷിബി മാത്യു പ്രതികരിച്ചു.
മത്സരിച്ച മറ്റ് കുട്ടികളെക്കുറിച്ച് ആലോചിക്കുമ്പോൾ സങ്കടമുണ്ടെന്നും പരിശോധന നടത്താൻ തയ്യാറായ സർക്കാരിന് നന്ദിയുണ്ടെന്നും അവർ പറഞ്ഞു.
ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ, 600 മീറ്റർ, ലോങ് ജംപ് ഇനങ്ങളിലും പ്രായത്തട്ടിപ്പ് ആരോപണം ഉയർന്നിട്ടുണ്ട്. ഈ ഇനങ്ങളിൽ മത്സരിച്ച വിദ്യാർഥികൾക്കും എല്ലുപരിശോധന നടത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
പ്രായപരിധി പാലിച്ചുകൊണ്ടുള്ള മത്സരവും കായികമേളയുടെ സുതാര്യതയും ഉറപ്പാക്കുന്നതിൽ അധികൃതരുടെ തുടർനടപടികൾ നിർണായകമാകും.


