പത്തനംതിട്ട: പിഎസ്സി ചെയർമാനെയും 15 അംഗങ്ങളെയും പുറത്താക്കണമെന്ന് രാഷ്ട്രപതിക്ക് ശുപാർശ ചെയ്ത മുൻ കേരള ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിയെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. പിഎസ്സി നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ചെയർമാനും ആരോപണവിധേയരായ അംഗങ്ങളും സ്വയം രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പരിപാവനമായി കാണേണ്ട പിഎസ്സി ചെയർമാൻ സ്ഥാനവും അംഗത്വവും ബന്ധപ്പെട്ടവർ ദുരുപയോഗം ചെയ്തുവെന്ന് പി.ജെ. കുര്യൻ വിമർശിച്ചു. അസാധാരണമായ സാഹചര്യത്തിൽ ഭരണഘടനയുടെ 317-ാം വകുപ്പ് അനുസരിച്ച് ഗവർണർ അസാധാരണ നടപടിക്ക് തയ്യാറായത് ന്യായീകരിക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ഭരണഘടനയുടെ 163-ാം വകുപ്പ് അനുശാസിക്കുന്ന രീതിയിൽ മന്ത്രിസഭയുടെ പിന്തുണയില്ലാതെ ഗവർണർ ഇത്തരമൊരു നടപടി സ്വീകരിച്ചത് ഭരണഘടനാപരമായി ശരിയാണോ എന്ന വാദവും പ്രസക്തമാണെന്ന് പി.ജെ. കുര്യൻ ചൂണ്ടിക്കാട്ടി.
പിഎസ്സി നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി, ക്രമക്കേട് ആരോപണങ്ങളുടെ ധാർമിക ഉത്തരവാദിത്വം ബന്ധപ്പെട്ടവർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിഎസ്സി ചെയർമാനെയും 15 അംഗങ്ങളെയും നീക്കണമെന്ന ശുപാർശയും അതുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ നടപടിക്രമങ്ങളും സംസ്ഥാനത്ത് ചർച്ചയാകുന്നതിനിടെയാണ് പി.ജെ. കുര്യന്റെ പ്രതികരണം.


