തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം മറികടക്കാൻ 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. ഒരു വർഷത്തേക്കാണ് വൈദ്യുതി വാങ്ങുക. യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് കമ്മിഷൻ അംഗീകാരം നൽകിയിരിക്കുന്നത്.
മൂന്ന് സ്വകാര്യ കമ്പനികളിൽ നിന്നാണ് ഈ വൈദ്യുതി ലഭ്യമാക്കുക. നിലവിൽ പ്രതിദിനം 500 മെഗാവാട്ടിലധികം വൈദ്യുതി കുറവ് നേരിടുന്ന സാഹചര്യത്തിൽ, അധികമായി ലഭിക്കുന്ന 200 മെഗാവാട്ട് വൈദ്യുതി നിയന്ത്രണങ്ങളുടെ തോത് കുറയ്ക്കാൻ സഹായിക്കുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.
വൈദ്യുതി വാങ്ങുന്നതിനും പുതിയ കരാറുകൾക്ക് അംഗീകാരം നൽകുന്നതിനുമായി റെഗുലേറ്ററി കമ്മിഷന്റെ അനുമതി ആവശ്യമായതിനാലാണ് കെഎസ്ഇബി അപേക്ഷ സമർപ്പിച്ചത്. നേരത്തെ യൂണിറ്റിന് 10 രൂപയ്ക്കുമുകളിലുള്ള നിരക്കിൽ വൈദ്യുതി വാങ്ങാൻ കമ്മിഷൻ അനുമതി നൽകിയിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ നിരക്ക് താരതമ്യേന കുറവായതിനാലാണ് അംഗീകാരം ലഭിച്ചത്.
അതേസമയം, സോളാർ എനർജി കോർപ്പറേഷനിൽ നിന്ന് യൂണിറ്റിന് 2.95 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനും കെഎസ്ഇബി ധാരണയിലെത്തിയിട്ടുണ്ട്. എന്നാൽ ഈ വൈദ്യുതി ഡിസംബർ മാസത്തോടെയാകും ലഭ്യമാകുക.
അധിക വൈദ്യുതി ലഭ്യമാകുന്നതോടെ സംസ്ഥാനത്തെ നിലവിലെ വൈദ്യുതി ക്ഷാമത്തിന് ഭാഗിക ആശ്വാസമുണ്ടാകുമെന്നും നിയന്ത്രണങ്ങളിൽ ഇളവ് വരാനിടയുണ്ടെന്നുമാണ് വിലയിരുത്തൽ.




