മലപ്പുറം: വേങ്ങരയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോർഡിന് തീ വെച്ച സംഭവത്തിൽ കോട്ടക്കൽ പൊലീസ് കേസെടുത്തു. കലാപം സൃഷ്ടിക്കാൻ ശ്രമം, പ്രകോപനം ഉണ്ടാക്കൽ, മനപ്പൂർവ്വം നാശനഷ്ടം വരുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇരു വിഭാഗങ്ങൾ തമ്മിൽ വൈരാഗ്യം ഉണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ സാമൂഹ്യവിരുദ്ധരാണ് സംഭവം നടത്തിയതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
ഇന്നലെ രാത്രി ഒമ്പതരയോടെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരിപ്പടി പ്രദേശത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡിനാണ് തീ വെച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, വേങ്ങര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമാകുകയാണ്. 2011 മുതൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനത്തിലായിരുന്നു മണ്ഡലം ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ ഇത്തവണ മുസ്ലിം ലീഗ് പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിക്ക് പകരം കെ.എം. ഷാജിയെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി ഇറക്കിയത്.
ഷാജിയുടെ ശക്തമായ പ്രസംഗശൈലിയും യുവജനങ്ങളിൽ ഉള്ള സ്വീകാര്യതയും വോട്ടുകളാക്കി മാറ്റാനാണ് ലീഗിന്റെ ശ്രമം. മറുവശത്ത്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച സബാഹ് കുണ്ടുപുഴക്കലിനെയാണ് ഇടതുമുന്നണി ഇത്തവണ ഔദ്യോഗിക സ്ഥാനാർത്ഥിയായി രംഗത്തിറക്കിയത്. ബിജെപിക്കായി വി.എൻ. ജയകൃഷ്ണനും മത്സര രംഗത്തുണ്ട്.




